മുംബൈ: കുറ്റാന്വേഷണ പരമ്പരകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മുംബൈയില്‍ യുവതി 5 വയസുകാരനെ തട്ടിക്കൊണ്ടു പോയി മാതാപിതാക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടു. സിനിമ കഥകളെ വെല്ലുന്ന നീക്കങ്ങള്‍ക്കൊടുവില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകനോടൊപ്പം ഒളിച്ചോടുന്നതിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് പുഷ്പ കത്താരിയ അയല്‍വാസിയായ 5 വയസുകാരനെ തട്ടിക്കൊണ്ട് പോയത്. 2 ലക്ഷം രൂപയാണ് പുഷ്പ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് ആവശ്യപ്പെട്ടത്. ഉടനെ പോലീസില്‍ വിവരം അറിയിച്ച മാതാപ്പിതാക്കള്‍ പോലീസ് ഒരുക്കിയ കുരുക്കില്‍ പുഷ്പയെ വീഴ്ത്തുകയായിരുന്നു.

കാമുകനൊടൊപ്പം ജീവിക്കാന്‍ വീട്ടുക്കാര്‍ അനുവദിക്കാത്തതിനാല്‍ പണവുമായി അയാളൊടൊപ്പം ഒളിച്ചോടാനായിരുന്നു പുഷ്പയുടെ തീരുമാനം. കുട്ടിയെ തട്ടിക്കൊണ്ടു പോകാനും, മോചനദ്രവ്യം ആവശ്യപ്പെടാനും ഇവര്‍ക്ക് പ്രചോദനമായത് സ്ഥിരമായി കണ്ടുകൊണ്ടിരുന്ന കുറ്റാന്വേഷണ പരമ്പരകളാണ്.

പോളിംങ് ഏജന്റ്‌റ് എന്ന വ്യാജേന മറ്റുള്ളവരില്‍ നിന്നും ശേഖരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് യുവതി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചത്. തട്ടിക്കൊണ്ടു പോകല്‍ കുറ്റം ചുമത്തിയാണ് പുഷ്പ കത്താരിയയെ പോലീസ് അറസ്റ്റ് ചെയ്തത്.