ബീഡ് : സഹോദരന്‍റെ പ്രണയ ബന്ധത്തെ പിന്തുണച്ചതിന്‍റെ പേരില്‍ 28കാരിയെ നാട്ടുക്കൂട്ടം പിടികൂടി നഗ്നയാക്കി നടത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ വറങ്കല്‍വാഡിയിലാണ് സംഭവം. കേസില്‍ എട്ടു പേരെ അറസ്റ്റു ചെയ്തതായും ഒരു കൗമാരക്കാരിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസം യുവതിയെ പ്രതികള്‍ ഫാമില്‍ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. ഭര്‍ത്താവ് മാപ്പുപറഞ്ഞതോടെയാണ് ഇവരെ പ്രതികള്‍ വിട്ടയച്ചത്. പ്രതികളില്‍ ഒരാളുടെ കുടുംബത്തില്‍പെട്ട് യുവതിയുമായാണ് ഇവരുടെ സഹോദരന് പ്രണയബന്ധമുണ്ടായിരുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ നാലിന് ഭര്‍ത്താവ് ഗ്രാമത്തില്‍ നിന്ന് പുറത്തുപോയ സമയത്താണ് അഞ്ചു സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങുന്ന സംഘം ഇവരുടെ വീട് കയറി ആക്രമിച്ചത്. യുവതിയുടെ വസ്ത്രം ഇവര്‍ വലിച്ചുകീറുകയും ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തുകയും ചെയ്തു. ചെരുപ്പ് വച്ച് ഇവരെ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
