വെല്ലൂര്‍: മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍.കിരുബകരനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശിയായ മഹാലക്ഷ്മിയാണ്(40) അറസ്റ്റിലായത്. ലക്ഷ്മി ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ സെതംബര്‍ 21നാണ് മഹാലക്ഷ്മി ജസ്റ്റിസിനെതിരെ പോസ്റ്റിട്ടത്. തമിഴ്‌നാട് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകരുടെ സമരത്തിനെതിരെയുള്ള ജഡ്ജിയുടെ പരാമര്‍ശം വിവാദമായ സമയത്താണ് ലക്ഷ്മിയുടെ പോസ്റ്റ്. അധ്യാപകരോട് ജഡ്ജിക്ക് വ്യക്തിപരമായ വിരോധമുണ്ടെന്നും അതിന്റെ കാരണം വിശദീകരിച്ചുമായിരുന്നു പോസ്റ്റ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും വെറും അഞ്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് മെഡിക്കല്‍ സീറ്റ് നേടുന്നതെന്നും ഇത് തിരിച്ചറിഞ്ഞ് അധ്യാപകര്‍ ലജ്ജിച്ച് തല താഴ്ത്തണമെന്നുമായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. മാത്രമല്ല, അധ്യാപകര്‍ തങ്ങളുടെ ഉത്തരവാദിങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്‍മാറണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. 

ജഡ്ജിയുടെ പ്രസ്താവന പ്രതിഷേധത്തിനും വഴിയൊരുക്കി. അദ്ദേഹത്തിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് കിരുബകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വെല്ലൂര്‍ എസ്പി പി.പകലവന്‍ പറഞ്ഞു. ലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.