ഇന്ന് രാവിലെയാണ് ഷാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുമെന്ന് ഷാഹിദയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും ഇത് മറച്ചുവെച്ചു എന്നതുമാണ് ഷാഹിദക്കെതിരെയുള്ള കുറ്റം. കൊലപാതകത്തിനുശേഷം കൊലയാളി സംഘത്തിലെ ഭര്‍ത്താവ് ഉള്‍പെടെയുള്ള പ്രതികള്‍ക്ക് ഷാഹിദ സഹായം ചെയ്തു നല്‍കിയെന്നും പൊലീസ് പറയുന്നു. ഗൂഢാലോചനയിലും ഷാഹിദക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊലപാതകേസിലെ പ്രതികളില്‍ ആറ് പേര്‍ താമസിച്ചത് എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി നേരത്തെ ഷാഹിദ മത്സരിച്ചിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഷാഹിദയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. എന്നാല്‍ നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഭര്‍ത്താവ് ലത്തീഫിനെ അന്വേഷിച്ചെത്തിയ പൊലീസ് അദ്ദേഹത്തെ കിട്ടാതായപ്പോള്‍ ഭാര്യയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് എസ് ഡി പി ഐയുടെ ആരോപണം. ഷാഹിദയുടെ കൂടി അറസ്റ്റോടെ വിപിൻ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഗൂഡാലോചനക്കേസില്‍ അഞ്ചുപേരും കൊലയാളി സംഘത്തിലെ ഒരാളുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.