ലുധിയാന: രണ്ടാം വിവാഹാഘോഷത്തിനിടയില്‍ വേദിയിലെത്തിയ ആദ്യ ഭാര്യ വിവാഹം മുടക്കി. ഭാര്യയെ കണ്ട് രക്ഷപ്പെട്ട് വേദിയില്‍ നിന്നും ഇറങ്ങിയോടിയ വരനെ ആഭ്യഭാര്യ പിന്തുടര്‍ന്ന് പിടികൂടി നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ലുധിയാനയിലെ പല്‍ മിത്തലിലാണ് ബോളിവുഡ് സിനിമയെ വെല്ലുന്ന സംഭവം.
വിശാല്‍ കുമാര്‍ സോനു എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് മര്‍ദ്ദനമേറ്റത്. മല്‍ഹ്ര റോഡിലുള്ള റസ്റ്ററന്‍റില്‍ വിവാഹച്ചടങ്ങുകള്‍ പൊടിപൊടിക്കുന്നതിനിടയാണ് ആദ്യഭാര്യ രാഖി കടന്നുവരുന്നത്. രാഖിയെ കണ്ടതോടെ വിശാല്‍ കുമാര്‍ വേദിയില്‍ നിന്നും ഇറങ്ങി ഓടി.
താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഇയാള്‍ രണ്ടാം വിവാഹത്തിനൊരുങ്ങിയതെന്ന് ആദ്യഭാര്യ ആരോപിക്കുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന വിവാഹത്തില്‍ 13 വയസ് പ്രായമുള്ള ഒരു മകനുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ തന്നേക്കാള്‍ 18 വയസ് പ്രായം കുറഞ്ഞ യുവതിയേയാണിയാള്‍ രണ്ടാം വിവാഹത്തിനായി തിരഞ്ഞെടുത്തത്.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ആദ്യ ഭാര്യയുമായുള്ള ബന്ധം താന്‍ വേര്‍പ്പെടുത്തിയതാണെന്ന് വരന്‍ പോലീസിനോട് പറഞ്ഞു. ഓര്‍ക്കസ്ട്ര ഗ്രൂപ്പ് നടത്തിവരികയായിരുന്നു ഗായകന്‍ കൂടിയായ വിശാല്‍.
