ഹൈദരാബാദ്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് രംഗത്തുവന്ന അമൃതാ സരസ്വതി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാകാന്‍ ഒരുങ്ങുന്നു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജിയിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.

നേരത്തെ ഇതുസംബന്ധിച്ച് കേസ് ഈ മാസം 25ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതില്‍ അനുകൂല വിധി ലഭിക്കുന്നതിന് വേണ്ടിയാണ് അമൃത പരിശോധനയ്ക്ക് ഒരുങ്ങുന്നത്. 2017 ഡിസംബര്‍ 22ന് കേസ് പരിഗണിച്ച കോടതി ഡിഎന്‍എ പരിശോധനയ്ക്കായുള്ള ആവശ്യം അംഗീകരിച്ചിരുന്നു. 

ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭര്‍ത്താവ് സാരഥിയുമാണ് അമൃതയെ വളര്‍ത്തിയത്. എന്നാല്‍ സാരഥിയും ഷൈലജയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാര്‍ച്ചില്‍ സാരഥി മരിക്കുന്നതിനു മുന്പായി താന്‍ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃതയുടെ വാദം.

മൈലാപൂരുള്ള ജയലളിതയുടെ വസതിയില്‍ വച്ച് 1980 ആഗസ്റ്റ് 14നാണ് താന്‍ ജനിച്ചതെന്നും എന്നാല്‍ സംഭവം മറച്ചുവച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ബ്രാഹ്മണകുടുംബത്തിന്‍റെ അന്തസ്സ് തകരാതിരിക്കാന്‍ തന്നെ ശൈലജയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും അമൃത പറയുന്നു.