തിരുവനന്തപുരം: പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. നടിക്കെതിരായ മോശം പരമാര്‍ശത്തിനെതിരെ കേസെടുത്ത കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച ജോര്‍ജിന്റെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണ്. സ്തീകള്‍ക്ക് എതിരെ എന്ത് അതിക്രമം ഉണ്ടായാലും കമ്മീഷന്‍ ഇടപെടും . ഇതിനുള്ള് അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷനുള്ള അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി.

കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വാര്‍ത്താ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും അഭിമുഖങ്ങളിലുമാണ് പിസി ജോര്‍ജ്ജ് നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനങ്ങള്‍ സ്ത്രീത്വത്തെ ഹനിക്കുന്നതെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. 

പിസി ജോര്‍ജ്ജിനെതിരെ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാമെന്ന നിയമോപദേശത്തിന്റെ കൂടി സാഹചര്യത്തിലാണ് സ്വമേധയാ കേസെടുക്കാനും തുടര്‍ നടപടികള്‍ക്കും ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കും. ജനപ്രതിനിധിക്ക് നേരെയുള്ള നടപടിയായതിനാല്‍ പതിവില്‍ കവിഞ്ഞ സൂക്ഷ്മത നടപടികളിലുണ്ടെന്നും നീതിക്ക് വേണ്ടി ശക്തമായി നിലകൊള്ളുമെന്നും എംസി ജോസഫൈന്‍ അറിയിച്ചു.