കോഴിക്കോട്: കുറ്റിയാടിയില്‍ കസ്റ്റഡിയിലെടുത്ത ദളിത് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ കെ.സി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. യുവതി ജോലി നോക്കിയിരുന്ന സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ. യുവതികള്‍ക്ക് സ്‌കൂട്ടര്‍ നല്‍കിയ ആളെ സംബന്ധിച്ചും അന്വേഷണം വേണമെന്ന് കെ.സി റോസക്കുട്ടി പറഞ്ഞു.

കുറ്റിയടിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സ് റേ ടെക്‌നീഷ്യന്‍ ആയിരുന്ന ആതിര മരിച്ചതില്‍ പൊലീസിന്റെ ഭാഗത്ത് വീഴചയുണ്ടായെന്ന് പറയാനാകില്ലെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തിട്ടില്ല. പെണ്‍കുട്ടികളുടെ നന്മക്ക് വേണ്ടിയാണ് പൊലീസ് ഇടപെട്ടത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പരിശോധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആതിരയെയും വയനാട് സ്വദേശിനിയായ സുഹൃത്തിനെയും നൈറ്റ് പട്രോളിങ്ങ് നടത്തുകയായിരുന്ന നാദാപുരം ഡി.വൈ.എസ്.പി കെ ഇസ്മായില്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജോലി ചെയ്യുന്ന ആശുപത്രി അധികൃതരെ വിളിച്ചു വരുത്തിയ ശേഷം യുവതികളെ വിട്ടയച്ചു. ഇതിന് ശേഷം ആതിര വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ് പി ജയ്‌സണ്‍ എബ്രഹാമിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു. സ്‌കൂട്ടര്‍ പഠിക്കാനാണ് പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതെന്നായിരുന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. സ്‌കൂട്ടര്‍ നല്‍കിയത് ആശുപത്രിയിലെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവാണെന്നായിരുന്നു വിശദീകരണം.