മലപ്പുറം : മലപ്പുറത്ത് ഫ്ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കി. 

കഴിഞ്ഞ ദിവസം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു. ശിരോവസ്ത്രം ധരിച്ച് ഫ്‌ലാഷ് മോബ് അവതരിപ്പിച്ച സംഭവത്തെ ചൊല്ലിയായിരുന്നു സോഷ്യല്‍മീഡിയയില്‍ വിവാദം കനത്തത്.

സംഭവം ലോകാവസാനത്തിന്റെ അടയാളമാണെന്നും സുനാമിയ്ക്ക് കാരണമാകുമെന്നും വരെ ഇക്കൂട്ടര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. മലപ്പുറം ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനാണ് മലപ്പുറത്ത് 'എന്‍റമ്മെടെ ജിമിക്കി കമ്മല്‍' എന്ന ഗാനത്തിന് മൂന്ന് പെണ്‍കുട്ടികള്‍ ചുവടുവച്ചത്.