എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെക്കാലമായി ഹൊഹേയ്നും യുവതിയും പരിചയക്കാരായിരുന്നു.
ഗുവാഹത്തി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹേയ്നെതിരെ പീഡനത്തിന് കേസ്. തന്നെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച് ഇരുപത്തിനാലുകാരിയായ യുവതി നല്‍കിയ പരാതിയിലാണ് ആസാം പൊലീസ് കേസെടുത്തത്. വിവാഹിതയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യുവതിക്കും കുടുംബത്തിനുമെതിരെ രാജന്‍ ഗൊഹേയ്നും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനൊപ്പം സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള സഞ്ജീവ് ഗോസ്വാമി പറഞ്ഞു.
കൂടാതെ, മന്ത്രിക്കെതിരെയുള്ള കേസ് പിന്‍വലിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാഗൂണ്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പ്രതികരിച്ചത്. കേസ് പിന്‍വലിക്കണമെന്ന് പരാതിക്കാരിയായ യുവതി കോടതിയില്‍ അപേക്ഷിച്ചെങ്കിലും പൊലീസ് അന്വേഷണം നടത്തുമെന്നും കേസ് നിലനില്‍ക്കുന്നുണ്ടെന്നും നാഗൂണ്‍ സ്റ്റേഷന്‍റെ ചുമതലയുള്ള ആനന്ത ദാസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൊഹേയ്നെതിരെ കഴിഞ്ഞ രണ്ടിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സബിത ദാസും പറഞ്ഞു. പീഡനക്കുറ്റം അടക്കം ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
ഏറെക്കാലമായി ഹൊഹേയ്നും യുവതിയും പരിചയക്കാരായിരുന്നു. ഇടയ്ക്കിടെ മന്ത്രി യുവതിയുടെ വീട്ടിലും എത്തുമായിരുന്നു. എന്നാല്‍, തന്‍റെ ഭര്‍ത്താവും മറ്റും ഇല്ലാതിരുന്ന ദിവസം വീട്ടിലെത്തിയ ഗൊഹേയ്ന്‍ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. മന്ത്രിയെ അറസ്റ്റ് ചെയ്യുമോയെന്നുള്ള ചോദ്യത്തിന് അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ മാത്രമേ അക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകുകയുള്ളുവെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. ആസാമിലെ നൗഗോംഗ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗൊഹേയ്ന്‍. 2016 ജൂലെെ മുതല്‍ റെയില്‍വേ സഹമന്ത്രിയാണ്.
