ജീവനക്കാർ ചോദ്യം ചെയ്തതോടെ രക്ഷപെടാൻ ശ്രമിച്ച ഇയാളെ പരിസരവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കീഴ്‌പ്പെടുത്തിയ പാറശാല പൊലീസിന് കൈമാറി
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍ ചാടി കടെന്നെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് കാണിക്കളും വിളക്കുകളും ഉള്‍പ്പെടെ കവര്‍ന്ന് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായി. നിറപുത്തരി ദിനമായതിനാല്‍ പതിവില്‍ നിന്നും നേരത്തെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. ഇതോടെയാണ് മോഷണം ശ്രമം പാളിയത്. ക്ഷേത്രത്തിലെ ജീവനക്കാരാണ് വയോധികനായ കള്ളനെ കാണുന്നത്. ജീവനക്കാർ ചോദ്യം ചെയ്തതോടെ രക്ഷപെടാൻ ശ്രമിച്ച ഇയാളെ പരിസരവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കീഴ്‌പ്പെടുത്തിയ പാറശാല പൊലീസിന് കൈമാറി. കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പൊലീസിന് നേരെയും പ്രതി ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ബല പ്രയോഗത്തോടുകൂടിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തെങ്കിലും ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്യാനാണ് പാറശാല പൊലീസിൻ്റെ തീരുമാനം.


