ആലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രസവശേഷം ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം തെളിവെടുപ്പ് നടത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി പി വിജയന്റെ നേതൃത്വത്തില്‍ നാലംഗസംഘമാണ് ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി തെളിവെടുപ്പ് നടത്തിയത്. വണ്ടാനം പുതുവല്‍ സിബിച്ചന്റെ ഭാര്യ ബാര്‍ബര തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. 

പ്രസവശേഷം ചികിത്സയിലായിരുന്ന യുവതി മരിക്കാനിടയായത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിക്കുകയും ഏറെനേരം സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 22ന് പ്രസവത്തിനായി പ്രവേശിക്കപ്പെട്ട ബാര്‍ബ 23നാണ് പെണ്‍കുട്ടിയെ ജന്മം നല്‍കിയത്. 4 ദിവസത്തിന് ശേഷം യുവതിക്ക് ശക്തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടുതുടങ്ങി. 

വിവരം ഡോക്ടറെ അറിയിച്ചപ്പോള്‍ ഗ്യാസാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയിരുന്നു. എന്നാല്‍ രോഗം മാറാതെ വന്നതോടെ വീട്ടമ്മയെ പിന്നീട് ഐ സി യു വിലേയ്ക്ക് മാറ്റി. രോഗകാരണം എന്താണമെന്ന് പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. വീണ്ടും രോഗം മൂര്‍ഛിച്ചതോടെ ബാര്‍ബറയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും പുലര്‍ച്ചെ അഞ്ചോടെ മരിക്കുകയും ചെയ്തു.

ഇതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം ഇന്നലെ തെളിവെടുപ്പ് നടത്തിയത്. മരണമടഞ്ഞ ബാര്‍ബരയുടെ ഭര്‍ത്താവ് സിബിച്ചന്‍, മറ്റ് ബന്ധുക്കള്‍, ബാര്‍ബരയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരിയില്‍ നിന്ന് പ്രത്യേക സംഘം മൊഴിയെടുത്തു. ബാര്‍ബരയുടെ ചികിത്സാ രേഖകളും സംഘം പരിശോധിച്ചു. 

അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മുഖേന ആരോഗ്യവകുപ്പ് മന്ത്രിക്ക് ഉടന്‍ കൈമാറുമെന്ന് പ്രത്യേക സംഘം അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി കെ രാജകുമാരി, ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി സൂപ്രണ്ട് ഡോ. ആര്‍ വി രാംലാലും സംഘത്തിലുണ്ടായിരുന്നു. 11ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് 3 വരെ നീണ്ടു.