ഹൈദരാബാദ്: വെള്ളപ്പൊക്കം മൂലം റോഡില്‍ കുടുങ്ങിയ ഓട്ടോറിക്ഷയില്‍ യുവതിക്ക് പ്രസവം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് പോവുകയായിരുന്ന 20 വയസുകാരിയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. കനത്ത മഴയെത്തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ട തെലുങ്കാനയിലെ ബദ്രാദ്രി ജില്ലയിലാണ് സംഭവം.

യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വന്നെങ്കിലും റോഡില്‍ വെള്ളക്കെട്ടിനാല്‍ മറുവശത്ത് കുടുങ്ങി. തുടര്‍ന്ന് വെള്ളക്കെട്ടിലൂടെ കുഞ്ഞുമായി നടന്നാണ് യുവതി ആംബുലന്‍സില്‍ കയറിയത്. പൂര്‍ണ്ണ വളര്‍ച്ചയെത്താതെ ജനിച്ച കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

ഒരു മാസം മുമ്പ് ഹൈദരാബാദില്‍ യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്കിയിരുന്നു. സ്ട്രക്ച്ചറിന് ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിയാതെ വന്നതിനാലാണ് യുവതി ഒട്ടോറിക്ഷയില്‍ പ്രസവിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് യുവതി പ്രസവിച്ചു എന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം.