ഒരു വര്‍ഷത്തിലധികം ജോലി ചെയ്ത ബിന്ദുവിനെ പെട്ടെന്നൊരു ദിവസം പിരിച്ചുവിട്ടു. ഇപ്പോള്‍ ജോലിയുമില്ല, കൊടുത്ത പണവുമില്ല. 

തൃശൂര്‍: സ്കൂളിലെ ജോലിക്കായി നല്‍കിയ പണം തിരികെ നൽകിയില്ലെന്ന പരാതിയുമായി യുവതിയുടെ കുത്തിയിരിപ്പ് സമരം. തൃശൂര്‍ മാള പാലിശേരി എസ്എൻഡിപി സ്കൂളിന് മുമ്പിലാണ് മകളുമൊത്ത് ബിന്ദു സമരം ചെയ്യുന്നത്. സംഭവം കേസെടുത്ത് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

രണ്ട് വര്‍ഷം മുമ്പാണ് പാലിശേരി എസ്എൻഡിപി സ്കൂളില്‍ ബിന്ദു ലാബ് അസിസ്റ്റന്‍റായി നിയമിതയായത്. ഇതിനായി മുൻഭരണസമിതിയ്ക്ക് 17.35 ലക്ഷം രൂപ കോഴയായി കൊടുത്തു. ഒരു വര്‍ഷത്തിലധികം ജോലി ചെയ്ത ബിന്ദുവിനെ പെട്ടെന്നൊരു ദിവസം പിരിച്ചുവിട്ടു. ഇപ്പോള്‍ ജോലിയുമില്ല, കൊടുത്ത പണവുമില്ല. പണം തിരികെ കിട്ടാൻ പലവട്ടം സ്കൂള് മാനേജ്‍മെന്‍റിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഏഴു ദിവസം മുമ്പാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

അമ്മയ്ക് കൂട്ടായി നാലാംക്ലാസുകാരി മകളും സമരപന്തലിലുണ്ട്. ഇടയ്ക്ക് 11 ലക്ഷം രൂപ ഭരണസമിതി തിരികെ കൊടുത്തെങ്കിലും വീണ്ടും അത് തിരികെ വാങ്ങിയതായി ബിന്ദു പറയുന്നു. എന്നാല്‍ ഇക്കാര്യം സ്കൂള്‍ രേഖകളില്‍ ഇല്ലെന്നും അതിനാല്‍ മുഴുവൻ പണവും നല്‍കാനാകില്ലെന്നുമാണ് സ്കൂള് മാനേജ്മെറിൻറെ വിശദീകരണം. ക്യാൻസര്‍ ബാധിച്ച് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബിന്ദുവിന് രണ്ട് പെണ്‍മക്കളുണ്ട് . വായ്പ എടുത്താണ് 17.35 ലക്ഷം രൂപ സ്കൂളില്‍ അടച്ചത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആകെയുളള കിടപ്പാടം പോലും ജപ്തി ഭീഷണിയിലാണ്.