റാഞ്ചി; മുഴുപ്പട്ടിണിയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. ബുധിനി സോറന്‍(45) ആണ് പട്ടിണിയെ തുടര്‍ന്ന് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ഗിരിഡിക് ജില്ലയിലെ സെനറ്റനര്‍ സ്വദേശിയാണ് ബുധിനി.

കൂലിവേലയ്ക്ക് പോയാണ് ബുധിനി ഏഴു വയസ്സുകാരന്‍ മകനും വളര്‍ത്തുമകളും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. ഭര്‍ത്താവ് ടുഡു ഹെബ്രം കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. അസുഖബാധിതയായതോടെ ഒരാഴ്ചയായിട്ട് ജോലിയ്ക്ക് പോവാന്‍ ബുധിനിയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ കുടുംബം പട്ടിണിയിലായി.

നാല് ദിവസമായിട്ട് വീട്ടില്‍ ഭക്ഷണമുണ്ടായിരുന്നില്ലെന്ന് വളര്‍ത്തുമകള്‍ പറയുന്നു. മകന് സ്കൂളില്‍ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണമാണ് മിക്കപ്പോഴും കുടുംബത്തിന്‍റെ വിശപ്പടക്കിയിരുന്നത്. എന്നാല്‍ ഗിരിഡിക് ജില്ലാ ഭരണകൂടത്തിന്‍റെ വാദം സ്ത്രീയുടെ മരണം തണുപ്പ് കൊണ്ടാണെന്നാണ്.