പഞ്ചകുല: അമ്യൂസ്മെന്റ് പാര്‍ക്കിലെ ടോയ് കാറില്‍ മുടി കുരുങ്ങി 28കാരിക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പഞ്ചകുലയില്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. ബതിന്ദ ജില്ലയിലെ രാംപുര സ്വദേശിയായ പുനീത് കൗര്‍ എന്ന യുവതിയാണ് കുടുംബാഗങ്ങള്‍ നോക്കി നില്‍ക്കെ തലയോട്ടി പിളര്‍ന്ന് മരിച്ചത്.

യാദവീന്ദ്ര ഗാര്‍ഡനിലെ അക്വാ വില്ലേജ് എന്ന പാര്‍ക്ക് സന്ദര്‍ശിക്കവെയായിരുന്നു അപകടം. ഭര്‍ത്താവ് അമര്‍ദീപ് സിങ്, രണ്ട് വയസുകാരനായ മകന്‍ എന്നിവരും മറ്റ് കുടുംബാംഗങ്ങളും യുവതിക്കൊപ്പമുണ്ടായിരുന്നു. പാര്‍ക്കിലെ നാല് ഓപ്പണ്‍ കാറുകളാണ് ഇവര്‍ ആറ് പേര്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്. പുനീതും ഭര്‍ത്താവും ഒരു വാഹനത്തിലായിരുന്നു. ആദ്യ ലാപ്പ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ ഇവരുടെ തലമുടി കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങി. വാഹനത്തിന്റെ വേഗത കാരണം തലയോട്ടി തലയില്‍ നിന്ന് വേര്‍പെട്ടു. ഉടന്‍ ജീവനക്കാര്‍ ഓടിയെത്തി വാഹനം നിര്‍ത്തിയശേഷം യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പഞ്ചകുല സെക്ടര്‍ 6ലെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

അപകടം എല്ലാവരെയും അമ്പരപ്പിച്ചുവെന്നും സാധാരണയായി എല്ലാ സുരക്ഷാ മുന്‍കതതലുകളും സ്വീകരിക്കാറുണ്ടായിരുന്നെന്നും യാദവീന്ദ്ര ഗാര്‍ഡന്‍സ് മാനേജര്‍ നീരജ് ഗുപ്ത പറഞ്ഞു. യാത്ര തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്ലാവരും തലയില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും മറ്റ് സുരക്ഷാകാര്യങ്ങള്‍ ശ്രദ്ധിക്കാനും ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന പാര്‍ക്ക് 2013ല്‍ 10 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിയ്‌ക്ക് വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്.