Asianet News MalayalamAsianet News Malayalam

ആധാര്‍ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ മരിച്ചു

Woman dies as hospital denies treatment due to lack of aadhaar card
Author
First Published Dec 30, 2017, 11:43 AM IST

സോണിപത്ത്: ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്തിനെ തുടര്‍ന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മക്ക് ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കുകയായിരുന്നവെന്ന് മകന്‍ പവന്‍ കുമാര്‍ ആരോപിക്കുന്നു. ഹരിയാനയിലെ സോണിപത്തിലാണ് സംഭവം.

ഗുരുതരാവസ്ഥയിലാണ് താന്‍ അമ്മയെയും കൊണ്ട് ആശുപത്രിയിലെത്തിയതെന്ന് പവന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറിന്റെ പകര്‍പ്പ് കാണിച്ചു.  എന്നാല്‍ യഥാര്‍ത്ഥ കാര്‍ഡ് ഇല്ലാതെ ചികിത്സിക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞത്. ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല' പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചികിത്സ നിഷേധിച്ചില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. പവന്‍ കുമാറിന്റെ വാദം തെറ്റാണെന്ന വാദവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. പവന്‍ കുമാര്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ലെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ഇതേവരെ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. രേഖകള്‍ തയ്യാറാക്കുന്നതിനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്നും ചികിത്സയ്ക്കല്ലെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios