ഹൃദയാഘാതത്തെ തുടർന്ന് മകന്‍ മരിച്ചു വിവരമറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: മകന്‍റെ മരണത്തിൽ മനംനൊന്ത് അമ്മയും മരിച്ചു. നീലീശ്വരം ചോയ്യംകോട് ടൗൺ മാധവത്തിലെ കെ.എം. ജയപ്രകാശ് (45), അമ്മ സി. മാധവി (65) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. ബാംഗ്ലൂരിൽ എൻജിനിയറായ ജയപ്രകാശ് വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബെംഗളൂരുവിൽ വെച്ചായിരുന്നു ജയപ്രകാശിന്റെ മരണം. വിവരം അറിഞ്ഞയുടൻ മാധവിയും വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാധവി മരിച്ചത്.

ഡോ.പ്രീതിയാണ് ജയപ്രകാശിന്റെ ഭാര്യ. മക്കൾ: തേജസ്, യശസ് (ഇരുവരും വിദ്യാർഥികൾ). കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനിയർ ആയിരുന്ന പരേതനായ കെ.എം. മാധവന്റെ ഭാര്യയാണ് മാധവി. മറ്റു മക്കൾ: പ്രസന്നകുമാർ (മുംബൈ), പ്രവീൺകുമാർ (ദുബായ്). മരുമകൾ: കവിത (ഹൊസ്‌പേട്ട്). സഹോദരങ്ങൾ: ജാനകി (കണിച്ചിറ). കെ. രാജൻ (കിനാനൂർ സർവീസ് സഹകരണ ബാങ്ക്). ഇരുവരുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിന് ചോയ്യംകോട് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.