Asianet News MalayalamAsianet News Malayalam

അമ്മയെ പൂട്ടിയിട്ട് മകന്‍ പുറത്തുപോയി; ഒന്നരമാസം മകനെ കാത്തിരുന്ന അമ്മ വിശന്നുമരിച്ചു

 ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ഏറെ നാളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസുകാര്‍ വീട് തുറന്ന് പരിശോധിച്ചത്. 

woman dies of hunger after son locks her inside home
Author
Shahjahanpur, First Published Dec 10, 2018, 2:32 PM IST

ഷാജഹാന്‍പുർ: എണ്‍പതുകാരിയായ അമ്മയെ പൂട്ടിയിട്ട് മകന്‍ പോയി. ഒന്നരമാസത്തിലേറെ കാത്തിരുന്ന അമ്മ വിശന്നു മരിച്ചു. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ഏറെ നാളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസുകാര്‍ വീട് തുറന്ന് പരിശോധിച്ചത്. 

ഷാജഹാന്‍പൂരിലെ റെയില്‍ വേ കോളനിയിലെ വീട്ടിലാണ് എണ്‍പതുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. റെയില്‍ വേയില്‍ ഉദ്യോഗസ്ഥനായ സലീല്‍ ചൗധരിയുടെ അമ്മ ലീലാവതിയാണ് മരിച്ചത്. ഇവരെ മരിച്ച നിലയില്‍ കണ്ടതില്‍ പിന്നെ സലീലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ അവധിയില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് റെയില്‍ ഉദ്യോഗസ്ഥര്‍ വിശദമാക്കി. 

ലഖ്നൗ സ്വദേശികളായ സലീല്‍ ചൗധരി 2005 മുതല്‍ ഷാജഹാന്‍പൂരിലാണ് ജോലി ചെയ്യുന്നത്. ഒന്നര മാസത്തോളമാണ് പുറത്തുപോയ മകന്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ ഈ അമ്മ കാത്തിരുന്നത്. നടക്കാന്‍ തകരാറും സംസാരിക്കാന്‍ കഴിയാത്തതുമായ അമ്മ, മകന്‍ എടുത്തു വച്ചിരുന്ന ഭക്ഷണം കഴിച്ചായിരുന്നു കുറച്ച് ദിവസം തള്ളി നീക്കിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഭാര്യ ഉപേക്ഷിച്ച് പോയ സലീല്‍ മദ്യത്തിന് അടിമയായിരുന്നെന്നാണ് സൂചന. ഇതിനു മന്‍പും ഇയാള്‍ ഇത്തരത്തില്‍ പുറത്ത് പോകാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. പുറത്തുനിന്നു പൂട്ടിയിട്ട വീട്ടിൽ വിശന്നു വലഞ്ഞോ അതോ രോഗം മൂലമോ ആണ് അവ‌ർ മരിച്ചിരിക്കുകയെന്നും പൊലീസ് വിശദമാക്കി. 
 

Follow Us:
Download App:
  • android
  • ios