യുവതി ഓട്ടോയില്‍ നിന്ന് ചാടിയ സംഭവം; പോലീസ് പിടികൂടിയ ആള്‍, പ്രതിയല്ലെന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ്

First Published 19, Mar 2018, 1:04 PM IST
Woman escapes from auto rickshaw The crime detachment is not an accused in the police
Highlights
  • സംഭവ ദിവസം ഉച്ചക്ക് മൂന്നു മണിവരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തിവരികയായിരുന്നുവെന്ന് വ്യക്തമായി.

കാസര്‍കോട്: പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെയാണെന്ന് പോലീസിന്റെ തന്നെ കണ്ടെത്തല്‍. സംഭവം വിവാദമായതോടെ എസ്.ഐയെ സ്ഥലംമാറ്റി. കാസര്‍കോട് ചന്തേര പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലടച്ച സ്വാമി മുക്കിലെ ഷാനവാസ് (28) നിരപരാധിയാണെന്നാണ് കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം. പ്രദീപ് കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2017 നവംബര്‍ 24 ന് ഉച്ചക്ക് 2.15 നാണ് കേസിനാസ്പദമായ സംഭവം. പിലിക്കോട് സ്വദേശിനിയായ യുവതിയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതി നല്‍കിയത്. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും സ്വകാര്യ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പിറകിലേക്ക് കൈയ്യിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയപ്പോള്‍ റോഡില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.

തുടര്‍ന്ന് അന്വേഷണം നടത്തിയ ചന്തേര പോലീസ് പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്ക് മുരുങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് ഹൗസില്‍ ഷാജഹാന്റെ മകന്‍ എ.ജി. ഷാനവാസിനെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിന് റൂട്ട് കനാല്‍ ചെയ്യാനായി പോയിരുന്നുവെന്നും കാണിച്ച് സഹോദരി റുബീനയും പിതാവ് ഷാജഹാനും പോലീസില്‍ അറിയിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടിട്ടും പോലീസ് ചെവികൊണ്ടില്ലെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.  

പിന്നീട് മനുഷ്യാവകാശ കമ്മീഷനും, കാസര്‍കോട് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും ബന്ധുക്കള്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പിക്കുകയുമായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ മൂന്ന് നിരീക്ഷണ ക്യാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ആശുപത്രി രേഖകളും ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ സംഭവ ദിവസം ഉച്ചക്ക് മൂന്നു മണിവരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തിവരികയായിരുന്നുവെന്ന് വ്യക്തമായി. ഇതുകൂടാതെ കാലിക്കടവിലെ നിരീക്ഷണ ക്യാമറകളും സംഘം പരിശോധിച്ചു.

ഇതോടെ യുവാവ് കുറ്റക്കാരനല്ലെന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷണ സംഘത്തിന് വ്യക്തമാവുകയും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഷാനവാസിന്റെ ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്നും യുവാവ് കുറ്റക്കാരനല്ലെന്നുമുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പിച്ചിരിക്കുന്നത്. ചന്ദേര പോലിസിനെതിരെ കോടതിയില്‍ പോലീസ് തന്നെ റിപ്പോര്‍ട്ട് നല്‍കി മറ്റ് നടപടികളിലേക്ക് നീങ്ങുന്നതിനിടയാണ് എസ്.ഐ. ഉമേശന് സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത്.


 

loader