മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് താഴേക്ക് വീണ യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കൗമാരക്കാരനുമായി മല്‍പ്പിടുത്തം നടത്തുന്നതിനിടെയാണ് യുവതി പുറത്തേക്ക് വീണത്. ട്രെയിനിന്റെ ഫൂട്‌സ്റ്റെപ്പില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ലഭിക്കാന്‍ കുട്ടി സ്ത്രീയുടെ കയ്യില്‍ ഇടിച്ചതാണ് പിടി വിട്ട് താഴെ വീഴാന്‍ ഇടയാക്കിയത്. 

മുംബൈയിലെ ചത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ വ്യാഴാഴ്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിടികൂടി. 25കാരിയായ റുക്‌സാന എന്ന യുവതിയാണ് മോഷ്ടാവിന്റെ കയ്യില്‍നിന്ന് ഫോണ്‍ വാങ്ങിയത്. 

23കാരിയായ ദ്രവിത സിംഗിന് നേരെയാണ് മോഷണ ശ്രമമുണ്ടായത്. ഫെബ്രുവരി 7ന് സ്ത്രീകള്‍ക്കുള്ള പ്രത്യേക ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു ദ്രവിത. ഇടയ്ക്ക് അവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വരികയും നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ ഫോണ്‍ ചെയ്യാന്‍ ഫൂട്ട് സ്റ്റെപ്പിന് അടുത്തേക്ക് നീങ്ങി നില്‍ക്കുകയായിരുന്നു. 

ഇതിനിടെ മോഷ്ടാവ് ദ്രവിതയുടെ കയ്യില്‍ ഇടിയ്ക്കുകയും ഫോണ്‍ പിടിച്ച് വാങ്ങാന്‍ വരികയുമായിരുന്നു. നിലതെറ്റിയ ദ്രവിത കൈവിട്ട് താഴെ വീഴുകയായിരുന്നു. കുര്‍ളയിലേക്കുള്ള ട്രയിന്‍ തട്ടി ട്രാക്കില്‍ വീണ ദ്രവിതയുടെ ഇടത് കൈവിരലുകളും വലത് കാലിന്റെ ഒരുഭാഗവും നഷ്ടമായി. 

റെയില്‍വെ അധികൃതര്‍ എത്തി യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തലയ്‌ക്കോ മറ്റ് ഭാഗങ്ങളിലോ ദ്രവിതയ്ക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ മോഷണം നടത്തിയ കുട്ടിയെയും പ്രധാന കണ്ണിയായ റുക്‌സാനയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് റോ വ്യക്തമാക്കി.