പരാതിയിൽ കേസെടുക്കാൻ നിർബന്ധിതരായ പൊലീസ് ഉദ്യോഗസ്ഥർ കോഴിയെയും ഉടമസ്ഥരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കോഴിയുടെ അക്രമണത്തിൽ തനിക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അതിനാൽ കോഴിയെ ലോക്കപ്പിലടയ്ക്കണമെന്നുമായിരുന്നു പരാതിക്കാരിയായ പൂനം കുശ്വായുടെ ആവശ്യം.
ഭോപ്പാൽ: തന്നെയും മകളെയും സ്ഥിരമായി ഉപദ്രവിക്കുന്ന 'അയൽക്കാരനെ'തിരെ പരാതിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ. പല തവണ ഈ 'അയൽക്കാരൻ' തന്നെയും മകളെയും ആക്രമിച്ചിട്ടുണ്ടെന്ന് ഇവർ പരാതിയിൽ വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ശിവപുരി പൊലീസ് സ്റ്റേഷനിൽ എത്തിയ ഈ പരാതിയിലെ പ്രതിക്കൊരു പ്രത്യേകതയുണ്ട്. അടുത്ത വീട്ടിലെ 'പൂവൻകോഴി'യാണ് പ്രതി!
പരാതിയിൽ കേസെടുക്കാൻ നിർബന്ധിതരായ പൊലീസ് ഉദ്യോഗസ്ഥർ കോഴിയെയും ഉടമസ്ഥരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കോഴിയുടെ അക്രമണത്തിൽ തനിക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അതിനാൽ കോഴിയെ ലോക്കപ്പിലടയ്ക്കണമെന്നുമാണ് പരാതിക്കാരിയായ പൂനം കുശ്വായുടെ ആവശ്യം. പല തവണ കോഴിയുടെ ഉടമകളായ വീട്ടുകാർക്ക് താക്കീത് നൽകിയിട്ടും അവർ ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
''എന്റെ മകളുടെ ദേഹത്ത് ഇനി ഒരു പോറൽ പോലും വീഴാൻ ഞാൻ അനുവദിക്കില്ല. ഇത് സഹിക്കാനും ഞാൻ തയ്യാറല്ല.'' പൂനം പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കോഴിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ നിയമമില്ലാത്തതിനാൽ ഉടമകളെ ലോക്കപ്പിലാക്കുമെന്ന് പൊലീസ് കോഴിയുടെ ഉടമകൾക്ക് താക്കീത് നൽകിയിരിക്കുകയാണ്. എന്നാൽ തങ്ങൾക്ക് മക്കളില്ലെന്നും പൂവൻകോഴിയെ കുഞ്ഞിനെപ്പോലെയാണ് സംഗക്ഷിക്കുന്നതെന്നും ഇവർ പറയുന്നു. അവസാനം കോഴിയെ പൂട്ടിയിട്ട് വളർത്താമെന്ന ഉറപ്പിൻമേൽ കോഴിയും ഉടമകളും വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
