ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന ഭാര്യയുടെ പരാതിയില്‍ യുഎഇ കോടതി യുവതിക്ക് പിഴ വിധിച്ചു

റാസൽഖൈമ: ഭര്‍ത്താവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന ഭാര്യയുടെ പരാതിയില്‍ യുഎഇ കോടതി യുവതിക്ക് പിഴ വിധിച്ചു. റാസൽഖൈമ കോടതിയാണ് കേസ് പരിഗണിച്ച് യുവതിയ്ക്ക് 5000 ദിർഹം പിഴശിക്ഷ വിധിച്ചുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഭീഷണി, സോഷ്യല്‍ മീഡിയ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളും യുവതിയ്ക്കെതിരെ ചുമത്തിയാണ് പിഴ വിധിച്ചത്.

തുടർച്ചയായി യുവതി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റാസൽഖൈമ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കേസ് പരിഗണിച്ചത്. തന്റെ ഭർത്താവുമായി ബന്ധം സ്ഥാപിച്ച് അദ്ദേഹവുമായുള്ള വിവാഹം ഉടൻ നടത്തുമെന്നു വാട്സാപ്പിലൂടെ യുവതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

കേസ് കോടതിയിൽ എത്തിയപ്പോൾ ആരോപിതയായ യുവതി കുറ്റം സമ്മതിച്ചു. നിലവിലുള്ള ഭാര്യയിൽ നിന്നും പുരുഷൻ വിവാഹ മോചനം നേടി അയാളെ വിവാഹം കഴിക്കാനായിരുന്നു ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.