ഹൈദരാബാദ്: മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സസ്യാഹാരിയായ നവവധു തൂങ്ങി മരിച്ചു. ഹൈദരാബാദിലെ സങ്കരടി സ്വദേശിയാണ് 23 കാരിയായ ശ്വേത. ഈ വര്‍ഷം മെയിലാണ് ശ്വേത മാരി ചെന്നരടിയെ വിവാഹം ചെയ്യുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ട് ഇയാളും കുടുംബവും ശ്വേതയെ പീഡിപ്പിച്ചിരുന്നു. എന്നാല്‍ സ്ത്രീധനമായി നാല് ലക്ഷം രൂപയും സ്വര്‍ണ്ണവും ചെന്നരിടിക്ക് വിവാഹ സമയത്ത് നല്‍കിയിരുന്നു. മകള്‍ക്ക് നേരെ നടക്കുന്ന പീഡനം അറിഞ്ഞ കുടുംബം കുറച്ച് മാസത്തിനുള്ളില്‍ പണം നല്‍കാമെന്ന് ശ്വേതയോട് പറഞ്ഞിരുന്നു.

സസ്യഹാരിയാണ് തന്‍റെ മകളെന്നും എന്നാല്‍ മരുമകനും കുടുംബവും മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും ശ്വേതയുടെ അച്ഛന്‍ ജി. പാണ്ഡുരംഗ റെഡ്ഡി പൊലീസിനോട് പറഞ്ഞു. മാംസം കഴിക്കാന്‍ വിസമ്മതിക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ മുന്‍പില്‍ വെച്ച് കഴിക്കാനും ആവശ്യപ്പെട്ടതായി ഇയാള്‍ പറയുന്നു. ശ്വേതയും മാരി ചെന്നരടിയും 20 ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ വാടക വീടെടുത്ത് താമസം തുടങ്ങിയത്. എന്നാല്‍ സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനം ഇവിടെ വച്ച് വര്‍ദ്ധിച്ചു. തിങ്കളാഴ്ച വീട്ടുടമായാണ് മുറിയില്‍ തൂങ്ങി നില്‍ക്കുന്ന ശ്വേതയെ കണ്ടെത്തിയത്. ശ്വേതയുടെ അച്ഛന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ശ്വേതയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനാണ് മാംസം കഴിപ്പിച്ചതെന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പറയുന്നത്.