രഞ്ജിത്ത് 108 ആംബുലൻസിൽ എടുക്കുന്ന രണ്ടാമത്തെ പ്രസവം ആറ്റിങ്ങല്‍ 108 ആംബുലന്‍സില്‍ നടക്കുന്ന ആറാമത്തെ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ '108' ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങൽ ഏളംബയിൽ വഞ്ചിയൂർ കൊല്ലൂർകോണം കല്ലുവിള പുത്തൻ വീട്ടിൽ നവനീതിന്‍റെ ഭാര്യ രജിത(20)യാണ് ആംബുലൻസിനുളിൽ പെൺകുഞ്ഞിന്‌ ജന്മം നൽകിയത്. ഞായറാഴ്ച്ച രാവിലെ 9.45ഓടെ പ്രസവവേദന അനുഭവപ്പെട്ട രജിതക്ക് വേണ്ടി ആംബുലന്‍സ് 108 നെ ബന്ധുക്കള്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് സ്ഥലത്തെത്തി.

എസ്.എ.ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശ്രീകാര്യം എത്തിയപ്പോള്‍ രജിത പ്രസവിക്കുകയായിരുന്നു. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്ക്നീഷ്യൻ രഞ്ജിത്ത് വാഹനം റോഡിന്‍റെ വശത്തേക്ക് ഒതുക്കാന്‍ ഡ്രൈവർ പ്രശാന്തിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ടെക്നീഷ്യന്‍റെ പരിചരണത്തോടെ 10.50 ഓടെ രജിത ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി. രഞ്ജിത്ത് 108 ആംബുലൻസിൽ എടുക്കുന്ന രണ്ടാമത്തെ പ്രസവും ആറ്റിങ്ങല്‍ 108 ആംബുലന്‍സില്‍ നടക്കുന്ന ആറാമത്തെ പ്രസവുമാണിത്.

എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രജിതയുടെ രണ്ടാമത്തെ പ്രസവമാണ് ഇത്. ആദ്യത്തെ കുട്ടിയും പെൺകുട്ടിയാണ്. ആറ്റിങ്ങൽ 108 ആംബുലൻസിൽ നടക്കുന്ന ആറാമത്തെ പ്രസവം ആണിത്.