കല്ലറ: പലതരത്തില്‍ മാലപൊട്ടിക്കുന്ന കള്ളന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണമാണെന്ന് ധരിച്ച് മാല പൊട്ടിച്ച് അമളി പറ്റുന്ന കള്ളന്മാരെ കുറിച്ച് കേട്ടത് വിരളമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം കല്ലറയില്‍ കഴിഞ്ഞ ദിവസം രാവിലെ നടന്നത്. സാരി വില്‍പ്പനയ്‌ക്കെത്തിയ യുവാവിനാണ് അമളി പറ്റിയത്. വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്തത് മുക്കുപണ്ടമാണെന്നറിയാതെ സാരി വില്‍പ്പനക്കാരന്‍ ക്ഷണനേരം കൊണ്ട് സ്ഥലം വിടുകയായിരുന്നു. എന്നാല്‍ വീട്ടമ്മയ്ക്ക് കിട്ടിയത് 25 സാരി. 

 വഴിയിലൂടെ പോകുന്ന സാരി വില്‍പ്പനക്കാരനെ ഒരു സാരി വാങ്ങാന്‍ വിളിച്ചു വരുത്തിയതായിരുന്നു വീട്ടമ്മ. കഴിഞ്ഞ ദിവസം രാവിലെയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് സാരി വില്‍ക്കാനായി കല്ലറയിലെ വീട്ടിലെത്തിയത്. വീടിന്‍റെ മുന്‍ഭാഗത്ത് സാരികള്‍ കെട്ടഴിച്ച് നിരത്തി കാണിച്ചു കൊടുത്തു. വീട്ടമ്മ സാരി തിരയുന്നതിനിടയില്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സാരിയും ഉപേക്ഷിച്ച് യുവാവ് സ്ഥലം വിടുകയായിരുന്നു.

വീട്ടമ്മ നിലവിളിക്കാനോ പോലീസില്‍ പരാതിപ്പെടാനോ തുനിഞ്ഞില്ല. കള്ളന്‍ പോയതോടെ വീട്ടമ്മയ്ക്ക് സ്വന്തമായത് കുറേ സാരികളാണ്. വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂട അറിഞ്ഞതോടെ പാങ്ങോട് പോലീസ് പരാതി ഇല്ലാതെ തന്നെ അന്വേഷണം തുടങ്ങി.