വിരാര്‍: അറുപത്തിയേഴ് കാരിയായ ഇന്‍ഷുറന്‍സ് ഏജന്‍റിനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. കിര്‍ത്തിനിഥെയ് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച കാണാതയ ഇന്‍ഷുറന്‍സ് ഏജന്‍റിനെ തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ വിരാറിലെ അപ്പാര്‍ട്ട്മെന്‍റിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് 5.45 ന് ആരെയോ കാണാനായി വീട്ടില്‍ നിന്ന് പോയ ശര്‍മ്മ പിന്നെ തിരിച്ച് വന്നില്ല . അമ്മയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തുകയും 45 കാരിയായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ട ശര്‍മ്മയുടെ ശരീരത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും ആപ്പിള്‍ ഐ ഫോണും ഐപാഡും നഷ്ടപ്പെട്ടിരുന്നു. അടുത്തിടെ ബ്യൂട്ടി പാര്‍ലറില്‍ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീയെ കാണാനാണ് ശര്‍മ്മ പോയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇൻഷുറന്‍സ് പോളിസി എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് ശര്‍മ്മയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ഇവര്‍. അറസ്റ്റിലായ സ്ത്രീ സാമ്പത്തിക പരാധീനതകളുള്ള ആളാണെന്നും ഇവര്‍ക്ക് ഭര്‍ത്താവില്ലെന്നും പോലീസ് വ്യക്തമാക്കി.