അബൂദാബി: സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ്ചെയ്ത യുവതിക്ക് 2,50,000 ദിര്‍ഹം പിഴയും ഒരു വര്‍ഷം തടവും വിധിച്ചു. സാമൂഹിക മര്യാദകള്‍ ലംഘിച്ചുവെന്നും സദാചാര വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചുവെന്നും കാണിച്ച് അബൂദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചതെന്ന് അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് സ്നാപ്പ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങങളിലൂടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. യുവതി പോസ്റ്റ് ചെയ്ത ഉള്ളടക്കം നിരീക്ഷിച്ചിരുന്നുവെന്നും നിയമലംഘനം നടന്നതായി കണ്ടെത്തിയതാണെന്നും യു.എ.ഇ അറ്റോര്‍ണി ജനറലിന്റെ ഓഫീസും അറിയിച്ചു. ദമാനി എന്ന പേരിലായിരുന്നു ഇവരുടെ അക്കൗണ്ടുകള്‍ നിലവിലുണ്ടായിരുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് അബൂദാബി സൈബര്‍ ക്രൈം ഡിവിഷന്‍ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.
