വാഷിങ്ടണ്‍: പല്ലു തേയ്ക്കാന്‍ മടികാണിച്ചതിന് നാലു വയസ്സുള്ള മകളെ അമ്മ ചവിട്ടി കൊന്നു. അമേരിക്കയിലെ മെരിലാന്‍റിലാണ് ഞെട്ടിക്കുന്ന ക്രൂരത. ഐറിസ് ഹെര്‍നാന്‍ഡസ് എന്ന 20 വയസ്സുകാരിയാണ് കുഞ്ഞിനെ കൊന്നത്. നൊഹാലി അലക്സാണ്ട്ര എന്ന നാലു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാവിലെ പല്ലു തേയ്ക്കാന്‍ മടി കാണിച്ച മകളെ ഐറിസ് ക്രൂരമായി മര്‍ദ്ദിക്കുകയും വയറ്റില്‍ ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ ആഘാതത്തില്‍ കുഞ്ഞ് തലയടിച്ച് വീണു. പിന്നീട് കുളിക്കാന്‍ പറഞ്ഞു വിട്ട് 15 മിനിറ്റിന് ശേഷം നോക്കിയപ്പോള്‍ കുട്ടി ബാത്ത് ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് അമ്മ തന്നെ പോലീസില്‍ വിവരമറിയിച്ചതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്‍റെ ശരീരത്തില്‍ നിരവധി മുറിവുകളും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കുഞ്ഞിനെ താന്‍ മര്‍ദ്ദിച്ചതായി ഐറിസ് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.