കൊൽക്കത്ത: സ്ത്രീധന തർക്കംമൂലം യുവതി ജീവനൊടുക്കി.പശ്ചിമബംഗാളിലെ ബുർദ്വാൻ ജില്ലയിലാണ് സംഭവം.സംഭവത്തിൽ യുവതിയുടെഭർത്താവ് മനോജ് ഷായെയും ഭർത്തവാൻ്റെ അടുത്ത ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, തങ്ങളുടെ മകൾ ജീവനൊടുക്കിയതല്ലെന്നും മനോജും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. മനോജും വീട്ടുകാരും ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും ഇതേത്തുടർന്ന് വിവാഹ ശേഷം ഇവർ സുമാന ഷായെന്ന തങ്ങളുടെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിനോട് പരാതിപ്പെട്ടു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മനോജിനെയും ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഭാര്യ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മനോജ് പൊലീസിനോട് വ്യക്തമാക്കിയത്. അതേസമയം പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇതേക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാകൂ എന്നും അവർ അറിയിച്ചു.