ഇംഫാല്‍: വിഐപികളുടെ സന്ദര്‍ശനം കാരണം വിമാനയാത്ര മുടങ്ങിയ യുവതി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് പൊട്ടിത്തെറിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. കാന്‍പുറില്‍ സഹോദരന്റെ ശവസംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനായി തിരക്കിട്ട് യാത്ര ചെയ്യുകയായിരുന്ന ഡോ.നിരല സിന്‍ഹയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തോട് പൊട്ടിത്തെറിച്ച യുവതിയെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിനൊന്ന് മണിക്ക് ഇംഫാലില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബുക്ക് ചെയ്തിരുന്ന ഇവര്‍ കൊല്‍ക്കത്തയില്‍ നിന്നും ഗോഎയര്‍ വിമാനത്തില്‍ കയറി പാറ്റ്‌നയില്‍ എത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വരവിനെ തുടര്‍ന്ന് ഇംഫാല്‍ വിമാനത്താവളത്തില്‍ മറ്റു വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫും രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചതോടെ ഇവരുടെ യാത്ര മുടങ്ങി.
വ്യോമഗതാഗതം തടയുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ നിന്നുമുള്ള മറ്റൊരു യാത്രാവിമാനത്തില്‍ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയിരുന്നു. അല്‍പസമയത്തിനുള്ളില്‍ അവിടയെത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാനായി മൂന്ന് മന്ത്രിമാരും വിമാനത്താവളത്തിന്റെ ടെര്‍മിനിലില്‍ തുടര്‍ന്നു.
ഈസമയം ആളുകള്‍ക്ക് നടുവില്‍ നിന്ന് കരയുന്ന ഡോ.നിരല സിന്‍ഹ കേന്ദ്രമന്ത്രിമാര്‍ ടെര്‍മിനലില്‍ ഉണ്ടെന്ന വിവരം അറിഞ്ഞ് അവിടെയെത്തുകയും അല്‍ഫോണ്‍സ് കണ്ണന്താനത്തോട് തന്റെ അവസ്ഥ വിവരിക്കുകയും ചെയ്തു. യുവതിയുടെ പരാതി കേട്ട മന്ത്രി രാഷ്ട്രപതി വന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ വിമാനത്തില്‍ തന്നെ നിരലയ്ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കാം എന്നറിയിച്ചു. എങ്കില്‍ അത് തനിക്ക് രേഖാമൂലം എഴുതി തരണമെന്ന് ഡോ.നിരല മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിനുള്ള അധികാരം തനിക്കില്ലെന്ന് മന്ത്രി മറുപടി നല്‍കി.ഇതില്‍ ക്ഷുഭിതയായ യുവതി ഞാനൊരു ഡോക്ടറാണെന്നും താനെത്തും മുന്‍പേ മൃതദേഹം അടക്കം ചെയ്യുമെന്ന് തനിക്ക് അറിയാമെന്നും പറഞ്ഞു പൊട്ടിക്കരഞ്ഞു.
വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ഈ രംഗങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇവ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ സംഭവം വാര്‍ത്തയായി. എന്തായാലും യുവതിയുടെ അവസ്ഥ തിരിച്ചറിഞ്ഞ വിമാനക്കമ്പനികള്‍ മനുഷ്യത്വപരമായ സമീപനമാണ് വിഷയത്തില്‍ സ്വീകരിച്ചത്.
ഇംഫാല്‍ വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് മാനേജറെ ബന്ധപ്പെടുകയും യുവതിക്ക് കൊല്‍ക്കത്തയില്‍ നിന്നും പാറ്റ്‌നയിലേക്കുള്ള ആദ്യത്തെ വിമാനത്തില്‍ തന്നെ സീറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഇന്‍ഡിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയ യുവതിക്ക് കമ്പനി ജീവനക്കാര്‍ തന്നെ പാറ്റ്‌നയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകാന്‍ ടിക്കറ്റ് എടുത്തു നല്‍കി. ഗോ എയര്‍ വിമാനക്കമ്പനി യുവതിക്ക് നഷ്ടമായ കണക്ഷന്‍ വിമാനത്തിന്റെ ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചു കൊടുത്തു. ഇതില്‍ നിന്നും കുറച്ചു പണം ഇന്‍ഡിഗോ കമ്പനിയുടെ ജീവനക്കാരനും നല്‍കിയ യുവതി പാറ്റ്‌നയിലേക്ക് യാത്ര തിരിച്ചെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവ് പറയുന്നു.
വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ താന്‍ മന്ത്രിയെ അങ്ങോട്ട് പോയി കാണുകയായിരുന്നുവെന്ന് പാറ്റ്‌നയില്‍ മാധ്യമങ്ങളെ കണ്ട ഡോ.നിരല സിന്‍ഹ പറഞ്ഞു. വിമാനം വൈകുന്നതിനാല്‍ കരഞ്ഞു കാത്തിരിക്കുകയായിരുന്ന ഞാന്‍ മന്ത്രിയെ അങ്ങോട്ട് പോയി കാണുകയായിരുന്നു. ഒരു മന്ത്രിക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അത്. എല്ലാവര്‍ക്കും അവരവരുടെ ജീവിതമുണ്ട്, എല്ലാവരുടെ സമയത്തിനും വിലയുമുണ്ട്, ഇത്തരം അനുഭവങ്ങള്‍ ഒരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ... ഈ വിവിഐപി സംസ്‌കാരം അവസാനിപ്പിക്കേണ്ടതാണ്... ഡോ.നിരല സിന്‍ഹ പറയുന്നു.
മന്ത്രിയോടുള്ള യുവതിയുടെ പൊട്ടിത്തെറി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വിമാനം വൈകിയതിന് താനല്ല ഉത്തരവാദിയെന്ന വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പിന്നീട് രംഗത്തു വന്നു. 'രാഷ്ട്രപതിയുടെ വരവിനെ തുടര്‍ന്നാണ് വ്യോമഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിക്കും വേണ്ടി മാത്രമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.അല്ലാതെ കേന്ദ്രമന്ത്രിമാര്‍ക്ക് വേണ്ടിയല്ല. ഇത്തരം പ്രോട്ടോകോള്‍ അവകാശങ്ങള്‍ തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ അത് നിര്‍ത്തലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്....'' ഒരു ദേശീയമാധ്യമത്തോടായി കണ്ണന്താനം പറഞ്ഞു.
വിമാനത്താവളത്തില്‍ കരയുന്ന യുവതിയെ കണ്ട താന്‍ അവരോട് സംസാരിക്കുകയായിരുന്നുവെന്നും പാറ്റ്‌നയില്‍ ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് യുവതി തേങ്ങിക്കരയുകയായിരുന്നുവെന്നും കണ്ണന്താനം പറയുന്നു. രാഷ്ട്രപതിയുടെ വിമാനം വരുമ്പോള്‍ ഇങ്ങനെയൊരു പ്രോട്ടോകോള്‍ ഉണ്ടെന്നും ആ സമയത്ത് മറ്റു വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഞാന്‍ അവരോട് പറഞ്ഞു. എന്തായാലും അവര്‍ ദേഷ്യമൊക്കെ എന്നോട് തീര്‍ത്തു. എനിക്കതില്‍ പരാതിയില്ല. ഇത് ഇനി വിവാദമാക്കാനുമില്ല- കണ്ണന്താനം പറയുന്നു.
