സ്ത്രീ സുരക്ഷയ്‍ക്കായി സംസ്ഥാനത്ത് വനിതാ പൊലീസിന്റെ അംഗസംഖ്യ കൂട്ടുന്നു. ഇതിന്റെ ഭാഗമായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരും. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കുന്നത്. നിലവില്‍ കേരള പൊലീസില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കേവലം 6.4 ശതമാനം മാത്രമാണ്. ഇതാദ്യമായാണ് സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്തായിരിക്കും നിര്‍ദ്ദിഷ്ട വനിതാ പൊലീസ് ബറ്റാലിയന്റെ ആസ്ഥാനം. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് താല്ക്കാലിക ഓഫീസ് ആരംഭിച്ചിട്ടുണ്ട്. എസ് പി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ നിശാന്തിനിയെ പുതിയ ബറ്റാലിയന്റെ കമാണ്ടന്റായി നേരത്തെ നിയോഗിച്ചിരുന്നു. കമാണ്ടന്റിന്റെ നേതൃത്വത്തില്‍ 20 വനിതാ ഹവീല്‍ദാര്‍മാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആംമ്ഡ് എസ് ഐ, 10 ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവരും പ്രവര്‍ത്തിക്കും. ഇതിനുപുറമെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, ക്യാഷ്യര്‍/സ്റ്റോര്‍ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തര്‍ വീതവും, എട്ട് ക്ലര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, 20 ക്യാമ്പ് ഫോളോവര്‍മാര്‍ എന്നിവരും ഈ ബറ്റാലിയനില്‍ ഉണ്ടാകും. ഇതിനായുള്ള 451 തസ്തികകളാണ് പുതുതായി സൃഷ്‍ടിച്ചിട്ടുള്ളത്.

380 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളില്‍ 330 പേര്‍ക്ക്, നിലവിലുള്ള ഏഴ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് പിഎസ്‍സി നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മെയ് 25 മുതല്‍ 31 വരെ തിരുവനന്തപുരം എസ്എപി പൊലീസ് ഹോസ്പിറ്റലില്‍ വച്ച് ഇവര്‍ക്കുള്ള മെഡിക്കല്‍ പരിശോധന നടക്കും. മെഡിക്കല്‍ പരിശോധനയ്‍ക്കും പൊലീസ് വെരിഫിക്കേഷനും ശേഷം ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കും. ഒന്‍പതുമാസത്തെ പരിശീലനമാണ് ഇവര്‍ക്കു നല്‍കുക.

പുതുതായി നിയമിക്കപ്പെടുന്ന 30 വനിതാ പോലീസുകാര്‍ക്ക് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ മാതൃകയില്‍ പരിശീലനം നല്‍കി കമാന്‍ഡോ പ്ലറ്റൂണ്‍ രൂപീകരിക്കും. ഈ കമാന്‍ഡോ യൂണിറ്റ് നഗര-ഗ്രാമപ്രദേശങ്ങളില്‍ ഒരുപോലെ പ്രവര്‍ത്തിക്കും. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പിങ്ക് ബീറ്റ്, പിങ്ക് പട്രോള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകും.