ഡെറാഡൂണ്‍: ആൺവേഷം ധരിച്ച് വിവാഹ തട്ടിപ്പ് നടത്തിയ യുവതി ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ധംപുര്‍ സ്വദേശിയായ ക്രിഷ്ണ സെന്‍ എന്ന സ്വീറ്റി സെന്‍ ആണ് പിടിയിലായത്. നൈനിറ്റാളില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്ത് കബളിപ്പിച്ചത്. കാമിനി സെന്‍, നിഷ എന്നിവരെയാണ് ഈ സ്ത്രീ വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട്, പുരുഷന്‍മാരേപ്പോലെ അഭിനയിച്ച് യുവതികളുമായി അടുപ്പത്തിലായ ശേഷം അവരെ വിവാഹം കഴിക്കുകയാണ് പതിവെന്ന് നൈനിറ്റാള്‍ പോലീസ് സൂപ്രണ്ട് ജന്‍മേജയ് ഖണ്ടൂരി പറയുന്നു. 

കൃഷ്ണ സെന്‍ എന്ന പേരിലാണ് ഇവര്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് ഉപയോഗിക്കുന്നത്. 2013ലാണ് ഈ വ്യാജ ഫേസ്ബുക്ക് ഐഡി ഇവര്‍ ഉണ്ടാക്കുന്നത്. തുടര്‍ന്ന് പുരുഷന്‍മാരോപ്പോലെ വേഷം കെട്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. നിരവധി യുവതികളുമായി പുരുഷന്‍മാരേപ്പോലെ ചാറ്റ് ചെയ്ത് വശീകരിച്ചാണ് വിവാഹം കഴിക്കാനുഴള്ള ശ്രമങ്ങള്‍ നടത്തുന്നത്.

2014 ലായിരുന്നു ഇത്തരത്തിലുള്ള ആദ്യ വിവാഹം. അലിഗഡിലുള്ള സിഎഫ്എല്‍ വ്യവസായിയുടെ മകനാണ് താന്‍ എന്ന് പറഞ്ഞാണ് കാമിനി സെന്‍ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ആദ്യ ഭാര്യയെ മര്‍ദിച്ചതിനെ തുടര്‍ന്ന്‌ 8.5 ലക്ഷം രൂപ യുവതിയുടെ വീട്ടുകാര്‍ ഇവര്‍ക്ക് നല്‍കി. നൈനിറ്റാളിലെ ഹല്‍ദവാനിയിലാണ് സ്വീറ്റിയുടെ ആദ്യ വിവാഹം നടന്നത്. 

രണ്ടാമത്തെ വിവാഹം 2016 ലാണ് നടന്നത്. കലധുംഗിയില്‍ നിന്നാണ് ഇവര്‍ രണ്ടാമത്തെ വധുവായ നിഷയെ കണ്ടെത്തിയത്. രണ്ടാമത്തെ വിവാഹം നടക്കുമ്പോള്‍ അതിഥിയായി കാമിനിയെയും ഇവര്‍ കൊണ്ടുവന്നിരുന്നു. എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കാമിനി പിന്നീട് വെളിപ്പെടുത്തിയത്. 

എന്നാല്‍ വിവാഹ ശേഷം രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആണ്‍വേഷം കെട്ടിയ സ്ത്രീയാണ് തന്റെ ഭര്‍ത്താവെന്ന് രണ്ടാമത്തെ നിഷ മനസിലാക്കുന്നത്. തന്ത്രപൂര്‍വം രക്ഷപ്പെട്ടുവെങ്കിലും ഇവര്‍ പരാതിപ്പെടാന്‍ പോയില്ല. ഇതിന് പിന്നാലെ ആദ്യ ഭാര്യ തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദിക്കുന്നതായി പോലീസില്‍ പരാതിപ്പെട്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയിലാണ് വിവാഹ തട്ടിപ്പ് വീരന്‍ സ്ത്രീയാണെന്ന കാര്യം പുറത്തറിയുന്നത്. ആദ്യഭാര്യയെ തന്റെ ശരീരം കാണിക്കാതിരുന്നതും സെക്‌സ് ടോയ്‌സ് ഉപയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു.

തന്നെ കുട്ടിക്കാലം മുതല്‍ക്കെ ആണ്‍കുട്ടിയേപ്പോലെയാണ് വീട്ടുകാര്‍ വളര്‍ത്തിയിരുന്നതെന്നാണ് സ്വീറ്റി പറയുന്നത്. പുരുഷന്‍മാരേപ്പോലെ മദ്യപിക്കുക, ബൈക്കോടിക്കുക, പുകലവലിക്കുക തുടങ്ങിയ ശീലങ്ങളും ഇവര്‍ക്കുണ്ട്. അതേസമയം സ്വീറ്റിയുടെ വിവാഹ തട്ടിപ്പ് അവരുടെ വീട്ടുകാര്‍ക്കും അറിയാമെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വിവാഹ സമയത്തും വിവാഹമുറപ്പിക്കലിനുമൊക്കെ സ്വീറ്റിയുടെ മാതാപിതാക്കളുമെത്തിയിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരെ പോലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ്.