കോഴിക്കോട്: കോഴിക്കോട്ട് ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകളെയും ലഹരി ചികില്‍സയ്ക്കെത്തുന്ന പുരുഷന്‍മാരെയും ഒരേ കെട്ടിടത്തില്‍ പാര്‍പ്പിക്കുന്നതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. സ്ഥാപനത്തെക്കുറിച്ച് പരാതി ഉന്നയിച്ച പേരിലാണ് നടപടി. അതിനിടെ, അന്തേവാസികളായ അഞ്ചു സ്ത്രീകള്‍ കേന്ദ്രത്തിനു മുന്നില്‍ നിരാഹാര സമരം തുടങ്ങി.

ലഹരി ചികില്‍സയ്ക്കെത്തുന്ന പുരുഷന്‍മാര്‍ താമസിക്കുന്ന അതേ കെട്ടിടത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകളെ പാര്‍പ്പിക്കുന്ന പ്രശ്നം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരായ മുജാഹിദ് എജ്യുക്കേഷന്‍ ട്രസ്റ്റ്, ആശ്രയ കേന്ദ്രത്തിന്‍റെ സൂപ്രണ്ട് ജിജി മേരിയെ സസ്പെന്‍ഡ് ചെയ്ത്, ഉത്തരവ് കേന്ദ്രത്തിനു മുന്നില്‍ പതിച്ചത്. അന്തേവാസികള്‍ക്ക് കര്‍ശന നിയന്ത്രണവുമേര്‍പ്പെടുത്തി. ഇതോടെയാണ് ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ചു പേര്‍ നിരാഹാര സമരമാരംഭിച്ചത്.

സസ്പെന്‍ഷന്‍ ഉത്തരവ് പരസ്യപ്പെടുത്തി മാനേജ്മെന്‍റ് തന്നെ മാനസികമായി പീഡിപ്പിച്ചതായി കാണിച്ച് സൂപ്രണ്ട് പൊലീസില്‍ പരാതിയും നല്‍കി. സ്ത്രീകള്‍ക്കുളള ആശ്രയ കേന്ദ്രവും ലഹരി ചികില്‍സ്ക്കുളള ഡിഅഡിക്ഷന്‍ സെന്‍ററും വെവ്വേറെ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഭരണപരമായ സൗകര്യം പറഞ്ഞാണ് മാനേജ്മെന്‍റ് ഇവരെ ഒരേ കെട്ടിടത്തിലേക്ക് മാറ്റിയത്. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ നപടിയാവശ്യപ്പെട്ട് സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.