പൊമ്പിളെ ഒരുമൈ കൂട്ടായ്മക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെ മന്ത്രി എം.എം. മണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിയുടെ അശ്ലീല പരാമര്‍ശത്തിനെതിരെ സിപിഎമ്മിലെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെയും വനിതാ നേതാക്കള്‍ രംഗത്തെത്തി. മദയാനയെപ്പോലെ മന്ത്രിക്കസേരയുടെ തണലില്‍ ഇരുന്ന് ഭ്രാന്ത് പറയുന്ന മന്ത്രിയെ സ്ത്രീകള്‍ ചങ്ങലക്കിട്ട് നടത്തേണ്ടി വരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അധികാരം മന്ത്രി എംഎം മണിയെ ഭ്രാന്തനാക്കിയിരിക്കുകയാണ്. കയ്യേറ്റക്കാരുടെ ആളായ മന്ത്രി സമരം പൊളിക്കാനാണ് ശ്രമിക്കുന്നത്. അശ്ലീല വര്‍ത്തമാനം കൊണ്ട് അയ്യേ എന്ന് തോന്നിപ്പിക്കുന്ന വ്യക്തിയാണ് മണി. മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എംഎം മണിക്കെതിരെ സിപിഎം വനിതാ നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സ്ത്രീകളുടെ സമരത്തെ പരോക്ഷമായോ അല്ലാതെയോ വ്യംഗാര്‍ത്ഥത്തോടെ സംസാരിക്കുന്നത് തെറ്റായകാര്യമാണ്. മണിയുടെ പ്രസംഗത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എംപി പറഞ്ഞു. മന്ത്രിയോട് പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.

സ്ത്രീകളെ അപമാനിച്ച മന്ത്രിയുടെ വാക്കുകള്‍ അപമാനകരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ടിഎന്‍ സീമ തുറന്നടിച്ചു, സ്ത്രീകളെ അധിഷേപിച്ചത് ഒട്ടും അഗീകരിക്കാനാവില്ല. അപമാനകരമാണ്. മന്ത്രി വാക്കുകള്‍ പിന്‍വലിക്കണം. മണിയുടെ വാക്കുകള്‍ പാര്‍ട്ടി ഗൗരവത്തോടെയെടുക്കുമെന്നാണ് വിശ്വാസം. നേതൃത്വത്തോട് മന്ത്രിയോട് പ്രസ്താവനയിലുള്ള പ്രതിഷേധം അറിയിക്കും. സ്ത്രീകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് മന്തിയുടെ വാക്കുകള്‍. ഇത് സര്‍ക്കാറിന്റെ മുന്നോട്ട് പോക്കിന് ദോഷം ചെയ്യുമെന്നും ടിഎന്‍ സീമ വ്യക്തമാക്കി.

സ്ത്രീകളെ അപമാനിക്കുന്ന മന്ത്രിയുടെ വാക്കുകളോട് യോജിക്കാനാവില്ലെന്ന് മന്ത്രി ജെ മേഴ്‌സക്കുട്ടിയമ്മയും വ്യക്തമാക്കി. പ്രസ്താവന ഒഴിവാക്കണമായിരുന്നു. പ്രതിഷേധം മന്ത്രിസഭയിലടക്കം സിപിഎം വേദികളില്‍ അറിയിക്കും. മന്ത്രിയുടെ നിലപാട് തിരുത്തപ്പെടുക തന്നെ വേണമെന്നും മന്ത്രി അറിയിച്ചു.

പുറത്താക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. സംസ്ഥാനച്ചെ ഓരോ വനിതാ തൊഴിലാളികളെയും അപമാനിക്കുകയാണ് മന്ത്രി മണി ചെയ്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് പറഞ്ഞു. പരസ്യമായി മണി മാപ്പ് പറയണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മന്ത്രിയെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൊമ്പിളെ ഒരുമൈ തൊഴിലാളികളെ ആകെ അപമാനിച്ച മന്ത്രി എംഎം മണിയെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആര്‍എംപി നേതാവ് കെക രമ ആവശ്യപ്പെട്ടു. മണിയെ സംരക്ഷിക്കുന്നത് പിണറായി വിജയനാണ്. മൂന്നാറിലെ പാര്‍ട്ടിയുടെ നിലനില്‍പ്പിന് മണിയെ ആവശ്യമുണ്ട്. സ്ത്രീകള്‍ക്കെതിരായ പ്രസ്താവന ഇത് ആദ്യമായല്ല. മഹിജയുടെ സമരത്തിനെതിരെയും മണി അധിഷേപം നടത്തിയതാണ്. മണിയെ പുറത്താക്കി പരസ്യമായി മാപ്പ് പറയിപ്പിക്കണമെന്നും രമ ആവശ്യപ്പെട്ടു.