ഒപ്പം താമസിക്കുന്ന സുഹൃത്ത് തന്റെ പണം മോഷ്ടിച്ചെന്ന പരാതിയുമായാണ് റഷ്യക്കാരിയായ യുവതി പൊലീസിനെ സമീപിച്ചത്.
അബുദാബി: ഒരുമിച്ച് താമസിക്കുന്ന സുഹൃത്ത് പണം മോഷ്ടിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ വ്യഭിചാരക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതി പ്രകാരം മോഷണക്കേസില്‍ അന്വേഷണം നടത്തിയപ്പോഴാണ് പൊലീസ് വ്യഭിചാരക്കുറ്റം കണ്ടെത്തിയതും തുടര്‍ന്ന് നടപടിയെടുത്തതും. റഷ്യക്കാരിയായ പ്രതിയെ ആറ് മാസം തടവിനും ശിക്ഷാ കലാവധി പൂര്‍ത്തിയായ ശേഷം നാടുകടത്താനും അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി വിധിച്ചു.
കോടതി രേഖകള്‍ പ്രകാരം സംഭവം ഇങ്ങനെ: ഒപ്പം താമസിക്കുന്ന സുഹൃത്ത് തന്റെ പണം മോഷ്ടിച്ചെന്ന പരാതിയുമായാണ് റഷ്യക്കാരിയായ യുവതി പൊലീസിനെ സമീപിച്ചത്. പണത്തിന്റെ ഉറവിടം ചോദിച്ചപ്പോള്‍ വ്യഭിചാരം സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മോഷണക്കേസില്‍ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തന്റെ വീട്ടില്‍ ചില സാമ്പത്തിക പരാധീനതകളുണ്ടായെന്നും അതുകൊണ്ടാണ് മോഷണം നടത്തിയതെന്നും സുഹൃത്ത് സമ്മതിച്ചു. ഇതില്‍ മാപ്പ് പറഞ്ഞതോടെ റഷ്യക്കാരി തന്റെ പരാതി പിന്‍വലിക്കുകയും ചെയ്തു. പരാതിയില്ലാതായതോടെ മോഷണക്കേസ് പൊലീസ് അവസാനിപ്പിച്ച് സുഹൃത്തിനെ പോകാന്‍ അനുവദിച്ചു. എന്നാല്‍ വ്യഭിചാരക്കുറ്റം ചുമത്തി പിന്നാലെ പരാതിക്കാരിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്.
