തിരുവനന്തപുരം: പൊലീസിനെതിരെയും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ ജയന്തിനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി രംഗത്ത്. സിപിഎം നേതാവായ ജയന്തും മറ്റു മൂന്നുപേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായാണ് മുളങ്കുന്നത്തുകാവില്‍ താമസിച്ചുവരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ യുവതിയുടെ ആരോപണം. പീഡിപ്പിച്ചത് ജയന്തന്‍, ജിനേഷ്, ബിനീഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണെന്നും യുവതി ആരോപിച്ചു. വൈകിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും യുവതിയും ഭര്‍ത്താവും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം ഡിജിപിയെ കണ്ടും യുവതി പരാതി നല്‍കി.
പൊലീസ് സ്റ്റേഷനില്‍നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് യുവതി വെളിപ്പെടുത്തി. മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യലിനെന്ന പേരില്‍ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചും അപമാനിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റാന്‍ പൊലീസ് പഠിപ്പിച്ചു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തില്‍ വച്ച് പൊലീസ് അപമാനിച്ചു.
മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കേസ് പിന്‍വലിച്ചു. എന്നാല്‍ പ്രതികളുടെ നിരന്തര സമ്മര്‍ദ്ദവും ഭീഷണിയെയും തുടര്‍ന്നാണ് യുവതിയും ഭര്‍ത്താവും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയെ സമീപിച്ചത്.
ഭാഗ്യലക്ഷ്‌മിയുടെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് സംഭവം വിവാദമായത്. 2014ലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായതെന്ന് ഭാഗ്യലക്ഷ്‌മിയുടെ പോസ്റ്റിലുണ്ടായിരുന്നു. 2016ലാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ രാഷ്‌ട്രീയക്കാരുടെയും പൊലീസിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് പിന്നീട് പിന്‍വലിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
കേസ് പിന്‍വലിച്ചിട്ടും പ്രതികള്‍ നിരന്തരം ഉപദ്രവിച്ചതായി യുവതി പറയുന്നു. മൂന്ന് മാസമായി നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇനി നാട്ടില്‍ പോയാല്‍ കൊല്ലുമെന്ന ഭയമുണ്ടെന്നും യുവതി പറഞ്ഞു.
