ഇടുക്കി: ഇടുക്കി വണ്ടന്മേട്ടില്‍ മരിച്ചുവെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ടന്മേട് പുതുവല്‍ രത്തിന വിലാസം മുനി സ്വാമിയുടെ ഭാര്യ രത്‌നം (51) നെയാണ് മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയത്.

രണ്ടു മാസത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച് ഇവര്‍ മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാല്‍ രക്ഷപെടാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ്ജു ചെയ്തു. ആറുമണിക്കൂറില്‍ കൂടുതല്‍ ജിവച്ചിരിക്കില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വണ്ടന്മേട്ടിലേക്ക് കൊണ്ടു വന്നു. 

വീട്ടിലെത്തിച്ച ശേഷം ഫ്രീസറിലേക്ക് മാറ്റി. കാണാനെത്തിയ ആളുകളിലൊരാള്‍ ശരീരം അനങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പൊലീസിടപെട്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായതിനാല്‍ പിന്നീട് ഐസിയുവിലേക്ക് മാറ്റി.