Asianet News MalayalamAsianet News Malayalam

വനിതാ മതിൽ വർഗ്ഗീയ മതിൽ തന്നെ; മ‍ഞ്ജുവാര്യറുടെ പിന്‍മാറ്റത്തെ ന്യായീകരിച്ച് ചെന്നിത്തല

കാര്യങ്ങൾ ബോധ്യമായതുകൊണ്ടാണ് നടി മഞ്ജു വാര്യർ വനിതാമതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.  വനിതാ മതിലിനായി ജില്ലാ കളക്ടർമാരെയും ആർടിഒ മാരെയും സർക്കാർ നിർബന്ധിക്കുകയാണ്. 

Woman wall Ramesh chennithala Support Manju Warrier
Author
Thiruvananthapuram, First Published Dec 17, 2018, 12:29 PM IST

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍  വർഗ്ഗീയ മതിൽ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങൾ ബോധ്യമായതുകൊണ്ടാണ് നടി മഞ്ജു വാര്യർ വനിതാമതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.  വനിതാ മതിലിനായി ജില്ലാ കളക്ടർമാരെയും ആർടിഒ മാരെയും സർക്കാർ നിർബന്ധിക്കുകയാണ്.  വനിതാ മതിലിനായി സെക്രട്ടേറിയറ്റിൽ പ്രത്യേക ഓഫീസ് തുറന്നെന്നും ചെന്നിത്തല
 ആരോപിച്ചു.

 മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല.  പ്രതിപക്ഷത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സർക്കാർ നവോത്ഥാന മതിൽ സൃഷ്ടിക്കാനൊരുങ്ങുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിക്കുകയാണ് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. 

അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

Follow Us:
Download App:
  • android
  • ios