കോഴിക്കോട്: ആയിരത്തി അഞ്ഞൂറ് രൂപ തിരിച്ചടവ് ബാക്കിവന്നതിന്‍റെ പേരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആക്രമിച്ചെന്ന് യുവതിയുടെ പരാതി. ശരീരം പകുതി തളര്‍ന്ന യുവതി പരാതി നല്‍കിയിരുന്നു. ഒന്‍പത് മാസമായിട്ടും കോഴിക്കോട് ചേവായൂര്‍ പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല.

വീട്ടിലേയ്ക്ക് ടിവി വാങ്ങുന്നതിനായി 2016 സെപ്തംബറിലാണ് കുന്നമംഗലം സ്വദേശി കുമാർ സ്വകാര്യ തവണ വ്യവസ്ഥാ സ്ഥാപനത്തെ സമീപിച്ചത്. തിരിച്ചടക്കാൻ 1500 രൂപ ബാക്കി വന്നപ്പോൾ മുതൽ കുമാറിന്‍റെ ഭാര്യ സ്മിതയെ സ്ഥാപനത്തിലെ ജീവനക്കാര്‍ ശല്യം ചെയ്യാൻ തുടങ്ങിയെന്നാണ് പരാതി. ഒന്‍പതു മാസം മുമ്പ് വീട്ടിനടുത്തെ വഴിയിൽ വച്ച് പണം പിരിക്കാന്‍ വരുന്നയാൾ ചീത്ത പറയുകയും ആക്രമിക്കുയും ചെയ്തു. 

കുഴഞ്ഞ് വീണ സ്മിതയുടെ തലയിൽ രക്തം കട്ട പിടിച്ച് വലതു ഭാഗം പൂർണമായി തളർന്നു. ശരീരം തളരാൻ കാരണം മാനസികാഘാതമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് സ്മതി പറയുന്നു. ഇപ്പോഴും പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. ആക്രമണം ഉണ്ടായി തൊട്ടടുത്ത ആഴ്ചയില്‍ ചേവായൂര്‍ പൊലീസിന് സ്മിത പരാതി നല്‍കി. 

എന്നാൽ പരാതിക്കാരി സ്റ്റേഷനിലെത്തി മൊഴി നല്‍കിയാലേ കേസെടുക്കൂവെന്നായിരുന്നു പൊലീസ് മറുപടിയെന്ന് കുമാര്‍ പറയുന്നു. അടുത്ത ദിവസം തന്നെ മൊഴിയെടുക്കാമെന്നാണ് ചേവായൂര്‍ പൊലീസ് ഇപ്പോള്‍ പറയുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കും സ്മിത പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.