പൊലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്
ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ യുവതിയെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. മേലൂരിന് സമീപം പതിനെട്ടാംകുടിയിലാണ് സംഭവം. കയ്യില്‍ ബിസ്കറ്റ് കരുതിയിരുന്ന ഉത്തരേന്ത്യക്കാരിയായ യുവതിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണെന്ന് ആരോപിച്ചാണ് ആളുകള്‍ ആക്രമിച്ചത്.
സംഭവ സ്ഥലത്തെത്തിയ പൊലീസാണ് ആള്‍ക്കൂട്ടത്തില്‍നിന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. തുടപര്‍ന്ന് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും മുറിവുകള്‍ ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ആക്രമണത്തിനിടെ രക്ഷപ്പെട്ടിരുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള സ്ത്രീകള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വാട്സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളെ തുടര്‍ന്ന്, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് രാജ്യത്താകമാനം ആളുകള്‍ ആക്രമിക്കപ്പെടുന്നതിനിടെയാണ് സംഭവം. ചെന്നൈയില്‍ ജൂലൈ 1ന് രണ്ട് ഇതര സംസ്ഥാനതൊഴിലാളികള്‍ ഇതേ പേരില്‍ ആക്രമിക്കപ്പെട്ടിരുന്നു. വെല്ലൂര്‍ ജില്ലയില്‍ ഏപ്രില്‍ 28ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു ഉത്തരേന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടിരുന്നു.
