അസംഗഡ്: സൗദിയിലുള്ള ഭര്‍ത്താവ് വാട്ട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കുമെതിരെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീധനക്കാര്യവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. 

'2005ലാണ് ഞങ്ങളുടെവിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ എന്റെ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അന്നുമുതല്‍ ഇക്കാര്യം പറഞ്ഞ് എന്നെ ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ സൗദിയിലുള്ള ഭര്‍ത്താവ് മറ്റ് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ എനിക്ക് അയച്ചുതരാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനെ എതിര്‍ത്തപ്പോഴാണ് വാട്ട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്'- യുവതി പരാതിയില്‍ പറഞ്ഞു. 

മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. മുത്തലാഖ് ബില്‍ പാസാക്കിയ സാഹചര്യത്തില്‍ തനിക്ക് നിയമപരിരക്ഷ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. 

ഇവരുടെ പരാതിപ്രകാരം സ്ത്രീധന നിരോധന നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുത്തലാഖ് നിരോധന നിയമപ്രകാരം മൂന്നുവര്‍ഷം തടവും പിഴയുമാണ് ഒരാള്‍ക്ക് ശിക്ഷയായി ലഭിക്കുക. ഇത് കൂടാതെ യുവതിക്ക് ജീവനാംശം നല്‍കുകയും വേണം.