തൃശൂര്‍ അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ അധ്യാപികയായ സചിത്ര കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റ് മരിച്ചത്.

തൃശൂര്‍: പെരുമ്പിലാവില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയായിരുന്നു വിവാഹമെന്നും വിവാഹശേഷം പീഢനങ്ങള്‍ നേരിട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ എസ്.പിക്ക് പരാതി നല്‍കി.

തൃശൂര്‍ അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ അധ്യാപികയായ സചിത്ര കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ജസീര്‍, അഞ്ചു വര്‍ഷം മുമ്പാണ് സചിത്രയെ വിവാഹം കഴിച്ചത്. ഇതരമതത്തില്‍പ്പെട്ട വ്യക്തിയായതിനാല്‍ വിവാഹത്തിന് വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ ശേഷം വീട്ടിലേയ്‌ക്ക് വന്നിട്ടുമില്ല. അതേസമയം, ഭര്‍തൃഗൃഹത്തില്‍ പ്രശ്നങ്ങളുള്ളതായി വീട്ടുകാരോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

നെഞ്ചിലും വയറിലുമാണ് ഗുരുതരമായി പൊള്ളലേറ്റത്. ചികിത്സ നല്കാന്‍ വൈകിയെന്നാണ് ബന്ധുക്കളുടെ മറ്റൊരു ആരോപണം. മരണശേഷം അന്വേഷണത്തില്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്നും പരാതിയുണ്ട്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കുന്ദംകുളം ഡി.വൈ.എസ്‌.പിക്ക് തൃശൂര്‍ എസ്‌.പി നിര്‍ദ്ദേശം നല്‍കി. പൊള്ളലേറ്റതില്‍ അസ്വഭാവികതയുള്ളതിനാലും വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളിലാണ് ദുരൂഹ മരണമെന്നതിനാലും ഭര്‍ത്താവിനെതിരെ വിശദമായി അന്വേഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.