ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച ഭാര്യ പിടിയിൽ. കണ്ണമ്മുല സ്വദേശി രഞ്ജുവിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച ഭാര്യ പിടിയിൽ. കണ്ണമ്മുല സ്വദേശി രഞ്ജുവിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു പ്രതിയായ രഞ്ജു. ബന്ധുവായ സ്ത്രീയ്ക്ക് ഭർത്താവുമായി അടുപ്പമുണ്ടെന്ന് സംശയം തോന്നിയതോടെ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫെയ്സ് ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി പ്രചരിപ്പിക്കുകയായിരുന്നു. മോര്‍ഫിങ്ങിനു വിധേയമായ സ്ത്രീ തുമ്പ പൊലീസിനും കഴക്കൂട്ടം സൈബര്‍സിറ്റി അസി.കമ്മിഷണര്‍ക്കും പരാതി നല്‍കുകയായിരുന്നു. 

ഫെയ്സ്ബുക്ക് ആസ്ഥാനത്ത് നിന്നടക്കം വിവരശേഖരണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിക്കാരി കേസ് പിൻവലിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. പരാതിക്കാരിയെ രൂക്ഷമായി വിമർശിച്ച കോടതി പ്രതിക്ക് ജാമ്യം നൽകി. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ടെക്നോപാർക്കിലെ ഐടി ജീവനക്കാരന്‍റെ സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.