ദില്ലി: ദില്ലി മംഗല്‍പുരിയിലെ പാര്‍ക്കില്‍ നവവധുവിനെ ഭര്‍ത്താവ് കല്ലുകൊണ്ട് ഇടിച്ചു കൊന്നു. മംഗല്‍പൂരി സ്വശേിനി ആരതി (30)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പാര്‍ക്കിലെ സി ബ്ലോക്കില്‍ കണ്ടെത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ല് രക്തം പുരണ്ട നിലയില്‍ സമീപത്തു തന്നെ കണ്ടെത്തി. 

ഒരു മാസം മുന്‍പാണ് ആരതി വിവാഹിതയായത്. ആരതി കൊല്ലപ്പെട്ട ശേഷം ഭര്‍ത്താവ് ഒളിവിലാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആരതിയുടെ ഭര്‍ത്താവാണ് എന്ന് പരിചയപ്പെടുത്തി പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചയാളാണ് കൊലപാതക വിവരം അറിയിച്ചത്. എന്നാല്‍ ഇതില്‍ വ്യക്തതയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

കല്ലു കൊണ്ട് ക്രൂരമായി അടിച്ചു കൊല്ലുകയായിരുന്നുവെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ആരതിയുടെ ഭര്‍ത്താവിനെ കണ്ടെത്താതെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകില്ലെന്നും പോലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.