മുംബൈ: വിവാഹ മോചന കേസില്‍ തീര്‍പ്പാകുന്നത് വരെ ഭാര്യക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. വീട് ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും അവിടെ ഭാര്യക്ക് താമസിക്കാമെന്നും കോടതി വഴി വിവാഹമോചനം അനുവദിക്കുന്നത് വരെ ആര്‍ക്കും അവിടെ നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.

ഭാര്യയുമായുള്ള വിവാഹബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുംബൈ സ്വദേശി കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ പിതാവിന്റെ ഫ്ലാറ്റ് യുവതി കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ നിന്ന് അവരെ ഒഴിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി ഇപ്പോഴുള്ള സ്ഥിതി തന്നെ തുടരാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിധി കോടതി റദ്ദാക്കി. ഫ്ലാറ്റ് ഭര്‍ത്താവിന്റേത് അല്ലെന്നും അയാളുടെ പിതാവിന്റേതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പുതിയ വിധി. ഭര്‍ത്താവ് ഇപ്പോള്‍ താമസിക്കുന്നത് മറ്റൊരു സ്ഥലത്താണെന്നും അതുകൊണ്ട് ഭാര്യ ഫ്ലാറ്റ് ഒഴിയണമെന്നുമായിരുന്നു വിധി. തുടര്‍ന്ന് ഭാര്യ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

ഭര്‍തൃപിതാവിന്റെ പേരിലുള്ള വീടാണെങ്കിലും അവിടെയാണ് വിവാഹശേഷം താമസിച്ചിരുന്നതെന്നായിരുന്നു യുവതി ഹൈക്കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ച കോടതി, ഗാര്‍ഹിക പീഡന നിയമ പ്രകാരം സ്‌ത്രീക്കു ഭര്‍തൃഗൃഹത്തില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കി. ഭര്‍ത്താവ് വേറെയാണു താമസിക്കുന്നത് എന്നതിനു തെളിവു ഹാജരാക്കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് തീരുന്നതുവരെ യുവതിക്ക് ഫ്ലാറ്റില്‍ തന്നെ താമസിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.