കോഴിക്കോട്: ചരിത്രത്തിലാദ്യമായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മൂന്ന് വനിതകളെ തെരഞ്ഞെടുത്തു. നിയമസഭാ അംഗങ്ങളെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന ചട്ടം മാറ്റി മുഴുവന്‍ നിയമസഭാ അംഗങ്ങളെയും ഉള്‍പ്പെടുത്തി 63 അംഗ ജംബോ കമ്മിറ്റിയാണ് നിലവില്‍ വന്നത്.

സ്‌ത്രീകളെയും യുവാക്കളെയും സ്ഥാനമാനങ്ങള്‍ക്ക് പരിഗണിക്കുന്നില്ലെന്ന പരാതികള്‍ ഉയരുമ്പോഴാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഖമറുന്നിസ അന്‍വര്‍, നൂര്‍ബിന റഷീദ്, കെ.പി മറിയുമ്മ എന്നീ വനിതകളെ മുസ്ലീം ലീഗ് തെരഞ്ഞെടുത്തത്. ഇതോടൊപ്പം മുഴുവന്‍ എം.എല്‍എ.മാരെയും സംസ്ഥാന കമ്മിറ്റിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഖമറുന്നിസ അന്‍വര്‍ നേരത്തെ ബി.ജെ.പിക്ക് സംഭാവന നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയയായിരുന്നു. പാര്‍ലമെന്ററി പദവികളിലേക്ക് സ്‌ത്രീകളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ലീഗിന്റെ പുതിയ തീരുമാനമെന്നറിയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി  ഇതേ പാത പിന്‍തുടര്‍ന്നേക്കുമെന്ന സന്ദേശവും ഇതിലുണ്ട്.

ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായി തുടരും. ആരോഗ്യപരമായ കാരണങ്ങളാല്‍ പി.കെ.കെ ബാവയെ മാറ്റി ചെര്‍ക്കളം അബ്ദുള്ളയെ ട്രഷററായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രവര്‍ത്തക സമിതി അംഗങ്ങളെയും  ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും പിന്നീട് തെരഞ്ഞെടുക്കും. ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും സംസ്ഥാന കമ്മിറ്റിയില്‍ പ്രാതിനിധ്യമുണ്ട്. 20,40,000ത്തിലധീകം അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടെന്നാണ് കണക്ക്. അഞ്ച് ലക്ഷത്തോളം പേര്‍ പുതിയ അംഗങ്ങളാണ്.