തന്റെ ഹാന്‍ഡ് ബാഗ് നഷ്ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീ കാണിച്ച സാഹസം ആരെയും പേടിപ്പെടുത്തുന്നത്. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ചൈനീസ് പുതുവല്‍സരത്തോട് അനുബന്ധിച്ച് സമ്മാനമായി കിട്ടിയ പണമടങ്ങിയ ബാഗ് നഷ്ടപ്പെടുമോയെന്ന ഭയമാണ് യുവതിയെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. സ്യൂട്ട് കേയ്സ് സ്കാനിങ് മെഷീനില്‍ വച്ച് ഗേറ്റിലൂടെ കടന്നു പോരാന്‍ ശ്രമിച്ചപ്പോളാണ് ഹാന്‍ഡ് ബാഗും സ്കാനിങ് മെഷീനില്‍ കൂടി കടത്തി വിടണമെന്ന് യുവതി മനസിലാക്കുന്നത്. 

വീണ്ടും സ്കാനിങ് മെഷീന് സമീപം ചെന്ന യുവതി ഹാന്‍ഡ് ബാഗ് ആദ്യം കണ്‍വേയര്‍ ബെല്‍റ്റിലിട്ടു. കുറച്ച് നേരം അത് നോക്കി നിന്ന ശേഷം പെട്ടന്ന് യുവതിയും മെഷീനിന് അകത്തേയ്ക്ക് കയറുകയായിരുന്നു. സ്കാനിങ് മെഷീന് സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പ് യുവതി മെഷീനകത്തേയ്ക്ക് കടക്കുകയായിരുന്നു. മെഷീനിനുള്ളില്‍ വച്ച് യുവതി തന്റെ ഹാന്‍ഡ് ബാഗ് തപ്പിയെടുത്തു. പിന്നീട് മെഷീനില്‍ കൂടി പുറത്തെത്തിയ യുവതി ഹാന്‍ഡ് ബാഗ് എടുത്ത് പുറത്ത് കടന്ന് ട്രെയിനില്‍ കയറുകയായിരുന്നു. 

സ്കാനിങ് മെഷീനുകളില്‍ ഉപയോഗിക്കുന്നത് തീവ്രതയേറിയ എക്സ് റേ കിരണങ്ങളായിരിക്കുമ്പോഴാണ് യുവതിയുടെ സാഹസം.