സൗദി വനിതകള്‍ക്ക് ഫാമിലി ടാക്‌സി സര്‍വീസിന് അനുമതി
റിയാദ്: സൗദിയില് വനിതകള്ക്ക് അടുത്ത മാസം മുതൽ ഫാമിലി ടാക്സി സര്വീസിന് അനുമതി. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസന്സ് അനുവദിക്കുന്നതിനൊപ്പമാണ് ഫാമിലി ടാക്സി സവീസിനും അംഗീകാരം നൽകുന്നത്. ഏഴു സീറ്റുള്ള വാഹനങ്ങള്ക്കാണ് ഫാമിലി ടാക്സി സർവീസ് നടത്താനുള്ള പെര്മിറ്റ് അനുവദിക്കുക.
വാഹനത്തനു അഞ്ച് വര്ഷത്തില് കൂടുതല് പഴക്കം ഉണ്ടാവാന് പാടില്ല. കൂടാതെ ടാക്സി വാഹനങ്ങളിൽ ഉപയോഗിക്കുന്ന മറ്റ് എല്ലാ സൗകര്യങ്ങളും ഫാമിലി ടാക്സി സര്വീസ് നടത്തുന്ന വാഹനത്തിൽ വേണമെന്നതും നിർബന്ധമാണ്. ഫാമിലി ടാക്സി സര്വീസിനായി രജിസ്റ്റര് ചെയ്ത വാഹനങ്ങള് സ്ത്രീകളല്ലാതെ പുരുഷന്മാര് ഓടിക്കുന്നത് നിയമ ലംഘനമായിരിക്കും.
ഇത്തരം നിയമ ലംഘനത്തിനു അയ്യായിരം റിയാല്പിഴ ചുമത്തും. സ്വദേശി വനിതകള്ക്ക് പകരം വിദേശി വനിതകള് ഈ വാഹനം ഓടിച്ചാലും ഇതേ പിഴ ഒടുക്കേണ്ടി വരും. ഫാമിലി ടാക്സി സര്വീസിനല്ലാതെ മറ്റു സര്വീസുകള്ക്കു ഈ വാഹനം ഉപയോഗിച്ചാല് മുവായിരം റിയാലാണ് പിഴ. ഫാമിലി ടാക്സികളില് പുരുഷന്മാരും കുട്ടികളും മാത്രമായി യാത്ര ചെയ്യുന്നതിനും നിരോധനമുണ്ട്.
പുരുഷന്മാരേയും കുട്ടികളേയും ഫാമിലി ടാക്സിയിൽ മുന് സീറ്റിലിരുത്തി യാത്ര ചെയ്താൽ രണ്ടായിരം റിയാല് പിഴ ചുമത്തും. സ്ത്രീകൾ വാഹനം ഓടിക്കാൻ തുടങ്ങുന്ന ജൂൺ മാസം മുതൽ തന്നെ ഫാമിലി ടാക്സി സർവീസിനും സൗദിയിൽ തുടക്കമാകും.
