യുവതിയുടെ മൃതദേഹം വഴിയരികിൽ; ഇടുക്കി സ്വദേശിക്കായി തെരച്ചിൽ ഊർജിതം
കൊച്ചി: പെരുമ്പാവൂർ ചെമ്പറക്കിയിൽ പാതയോരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇടുക്കി സ്വദേശിയായ യുവാവിനായി അന്വേഷണം ശക്തമാക്കി പൊലീസ്. യുവതിക്കൊപ്പം താമസിച്ചിരുന്ന മറവൂർ സ്വദേശിയായ ബാബുവിനായാണ് തെരച്ചിൽ ഊർജിതമാക്കിയത്. കൊലപാതകമാണെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചെമ്പറക്കി കവലയ്ക്ക് സമീപമുള്ള മൈതാനത്തിന് മുന്നിലെ വഴിയരികിൽ , ഇന്നലെ രാവിലെയാണ് അടിമാലി സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വഴിയ്ക്ക് തൊട്ടടുത്ത് ഇതരസംസ്ഥാന കുടുംബങ്ങളടക്കമുള്ള കെട്ടിടത്തിലെ താമസക്കാരായിരുന്നു മരിച്ച ബിന്ദുവും, ബാബുവും. ഈ കെട്ടിടത്തിൽ നിന്ന് മൃതദേഹം വഴിയരികിൽ കൊണ്ടിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ കെട്ടിടത്തിന് മുന്നിൽ രക്തക്കറ കണ്ടെങ്കിലും യുവതിയുടെ ദേഹത്ത് പരിക്കുകളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
കഴിഞ്ഞ മാസം 25നാണ് ചെമ്പറക്കി കവലയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ ഇരുവരും താമസത്തിനെത്തിയത്.ഒരു തവണ ബിന്ദു വീട് വിട്ട് പോയി എന്ന് കെട്ടിടത്തിലെ താമസക്കാർ തന്നോട് പറഞ്ഞിരുന്നത് കെട്ടിടം ഉടമ ഓർക്കുന്നു. അയൽക്കാരോട് അടുപ്പം സൂക്ഷിക്കാത്ത പ്രകൃതക്കാരായിരുന്നു ഇരുവരുമെന്നും വീട്ടുടമസ്ഥ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി ഇവർ ബാബുവിനെ കണ്ടത്. ഇരുവരുടെയും തിരിച്ചറിയൽ രേഖകൾ പൊലീസിന് ലഭ്യമായിട്ടില്ല.പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
